ശബരിമലയിലെ ശുദ്ധജല വിതരണം ജല അതോറിറ്റിക്ക്

തിരുവനന്തപുരം∙ ശബരിമല തീർഥാടന കാലത്തു ശുദ്ധജല വിതരണം ഉറപ്പാക്കാൻ പമ്പയിലും നിലയ്ക്കലിലും 6.36 കോടി രൂപയുടെ അടിയന്തര നിർമാണ ജോലികൾ നടത്തുന്നതിനു ജല അതോറിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

ടാറ്റാ പ്രോജക്ട്സിനെയാണ് ഇവിടത്തെ ജോലികൾ ഏൽപിച്ചിരിക്കുന്നതെങ്കിലും ജലവിതരണം അവർ ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് അവസാന നിമിഷം ജല അതോറിറ്റിയെ ഏൽപിക്കുന്നത്. അജൻഡയ്ക്കു പുറത്തുള്ള ഇനമായാണ് ഇക്കാര്യം മന്ത്രിസഭ തീരുമാനിച്ചത്. രണ്ടു മാസം കൊണ്ടു നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെങ്കിലും രണ്ടര മാസമെങ്കിലും എടുത്തേക്കും. ഇന്നു തന്നെ  ജോലി ആരംഭിക്കും. നിലയ്ക്കലും പമ്പയിലും ജലവിതരണം പുനരാരംഭിക്കുകയും സന്നിധാനത്തേക്കുള്ള ജലവിതരണം സുഗമമാക്കുകയും ചെയ്യും.

കുഴൽക്കിണറുകളും പരിഗണിക്കുന്നു. സന്നിധാനത്തെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. സീതത്തോട് ജലവിതരണ പദ്ധതിയിൽ നിന്നാണു നിലയ്ക്കലിൽ വെള്ളമെത്തിക്കുക. ജലം സംഭരിക്കാൻ ബേബി വെൽ ഉൾപ്പെടെ അവിടെ 59 ലക്ഷം രൂപയുടെ നിർമാണം നടത്തും. പുറമെ പമ്പയിൽ 1.42 കോടിയുടെയും നിലയ്ക്കലിൽ 4.35 കോടിയുടെയും നിർമാണമാണു നടത്തുക. നിലയ്ക്കലിൽ 5000 ലീറ്ററിന്റെ 15 സിന്റക്സ് ടാങ്കുകൾ സ്ഥാപിക്കും.

അവിടെ തീർഥാടകർക്കായി 300 വാട്ടർ കിയോസ്കുകളും ഉണ്ടാകും. 20 കിലോമീറ്റർ പിവിസി പൈപ്പും ശുചീകരണ പ്ലാന്റും അവിടെ സ്ഥാപിക്കുന്നുണ്ട്. ചെറിയാനവട്ടം, വലിയാനവട്ടം, പമ്പ മണപ്പുറം എന്നിവിടങ്ങളിൽ പൈപ്പിടും. മണിക്കൂറിൽ 33,000 ലീറ്റർ വെള്ളം ശുചീകരിക്കാനുള്ള സംവിധാനം പുനഃസ്ഥാപിക്കും.