ബിഷപ്പിനെ ചുമതലയിൽനിന്ന് നീക്കി; ഇന്നും ചോദ്യംചെയ്യൽ, അറസ്റ്റിനു തടസ്സമില്ലെന്ന് നിയമവിദഗ്ധരും ഡിജിപിയും

ചോദ്യം ചെയ്യലിനു ശേഷം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നു പുറത്തേക്കിറങ്ങുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

ന്യൂഡൽഹി / കൊച്ചി∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലയിൽനിന്നു ഫ്രാൻസിസ് മാർപാപ്പ ഒഴിവാക്കി. കന്യാസ്ത്രീ നൽകിയ കേസിൽ ശ്രദ്ധ ചെലുത്താൻ ചുമതലയിൽനിന്നു തൽക്കാലം മാറ്റണമെന്ന ബിഷപ്പിന്റെ അപേക്ഷ പരിഗണിച്ചാണിതെന്നും രൂപതാ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയിട്ടില്ലെന്നും സഭാവൃത്തങ്ങൾ അറിയിച്ചു. മുംബൈ അതിരൂപതാ മുൻ സഹായമെത്രാൻ ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസിനാണു പകരം ഭരണച്ചുമതല.

ഇതേസമയം, തൃപ്പൂണിത്തുറയിൽ ബിഷപ്പിനെ ചോദ്യംചെയ്യുന്നത് ഇന്നും തുടരും. രണ്ടാം ദിവസമായ ഇന്നലെ ഏഴര മണിക്കൂറോളം ചോദ്യംചെയ്തു. മൊഴി പരിശോധിച്ചശേഷം ഇന്നു 10.30നു ചോദ്യംചെയ്യൽ പുനരാരംഭിക്കുമെന്നു കോട്ടയം എസ്പി ഹരിശങ്കർ അറിയിച്ചു. 

മുൻകൂർ‌ ജാമ്യഹർജി െഹെക്കോടതിയുടെ പരിഗണനയിലിരിക്കുന്നത് അറസ്റ്റിനു തടസ്സമല്ലെന്നാണു നിയമവിദഗ്ധർ പൊലീസിനു നൽകിയ ഉപദേശം. അന്വേഷണ സംഘത്തിനു സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ചോദ്യംചെയ്യൽ പൂർത്തിയായ ശേഷമാകും അറസ്റ്റിനു സാധ്യതയുണ്ടോയെന്നു പരിശോധിക്കുകയെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. 

അതേസമയം, അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിൽ കന്യാസ്ത്രീ നടത്തിയ കുമ്പസാരം തെളിവായി സ്വീകരിക്കാൻ പാടില്ലെന്നു ബിഷപ് ആവശ്യപ്പെട്ടു. കുമ്പസാര രഹസ്യം വെളിപ്പെടുത്താറില്ലെന്ന വാദമാണ് ഉന്നയിച്ചത്. തുടർന്ന് അട്ടപ്പാടിയിലേക്കു പോയ പൊലീസിനു മുൻപാകെ ധ്യാനകേന്ദ്രം അധികൃതരും ഇതേ നിലപാട് ആവർത്തിച്ചു.

കേസിൽ പൊലീസിന്റെ പ്രധാന തെളിവുകളിലൊന്നാണു ധ്യാനകേന്ദ്രത്തിലെ കുമ്പസാരവിവരം. 2017 മേയിൽ അച്ചടക്കനടപടി എടുത്തതിലെ വിരോധം മൂലമാണു കന്യാസ്ത്രീ തനിക്കെതിരെ പരാതി നൽകിയതെന്നാണു ബിഷപ്പിന്റെ വാദം. എന്നാൽ പീഡന വിവരം 2016 സെപ്റ്റംബറിൽ അട്ടപ്പാടിയിൽ കുമ്പസാരവേളയിൽ പറഞ്ഞിരുന്നുവെന്നു കന്യാസ്ത്രീ പിന്നീടു മൊഴിനൽകി.