Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബയോമെട്രിക് വിവരങ്ങളില്ലാതെ ഇ–ആധാർ എടുക്കാൻ സൗകര്യം

Aadhar

തിരുവനന്തപുരം∙ വിരലടയാളം ഉപയോഗിച്ച് ആധാർ സേവനങ്ങൾ തിരയുന്ന സംവിധാനം സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) സുരക്ഷാകാരണങ്ങളാൽ നിർത്തിവച്ചതിനാൽ പ്രളയബാധിത പ്രദേശങ്ങളിലുള്ളവർക്കു വിരലടയാളം, കൃഷ്ണമണി ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകാതെ ഇ–ആധാർ എടുക്കാൻ സൗകര്യം. പ്രളയബാധിത പ്രദേശങ്ങളിലെ അക്ഷയകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതോടെ ഐടി മിഷൻ അതോറിറ്റിക്കു കത്തു നൽകിയിരുന്നു. തുടർന്നാണ് ഒരാളുടെ പേര്, ജനനത്തീയതി, പിൻകോഡ് എന്നിവ ഉപയോഗിച്ചു കംപ്യൂട്ടറിൽ ആധാർ കാർഡ് തിരയാൻ കഴിയുന്ന അഡ്വാൻസ്ഡ് സെർച്ച് സംവിധാനം പ്രളയം ബാധിച്ച എട്ടു ജില്ലകളിലെ 50 ഉദ്യോഗസ്ഥർക്കു തുറന്നു നൽകിയത്.

മാസങ്ങൾക്കു മുൻപു സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനു മാത്രമായി പരിമിതപ്പെടുത്തിയ സംവിധാനമാണു മറ്റൊരു സുരക്ഷാപ്രശ്നത്തിനു ബദൽ സംവിധാനമായി യുഐഡിഎഐ നിർദേശിച്ചിരിക്കുന്നത്. ജില്ലാ ഓഫിസുകളിലെത്തുന്നവർക്ക് ഈ സൗകര്യം ഉപയോഗിക്കാം. 2500 രൂപയുടെ സോഫ്റ്റ്‌വെയർ പാച്ച് ഉപയോഗിച്ച് ആധാർ വിവരങ്ങൾ ചോർത്താമെന്ന് ‘ഹഫിങ്ടൺ പോസ്റ്റ്’ പോർട്ടൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആധാർ സേവനം താൽക്കാലികമായി നിർത്തിവച്ചതെന്നാണു സൂചന. ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള യുസിഎൽ (യൂസർ‌ ക്രഡൻഷ്യൽസ് ലിസ്റ്റ്) സോഫ്റ്റ്‍വെയർ ഉപയോഗിക്കുന്ന രണ്ടായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിൽ നിലവിൽ ആധാർ സേവനങ്ങൾ ലഭ്യമല്ല.