കൊച്ചിയിൽ സമരം ചെയ്തത് സഭാ വിരുദ്ധരെന്ന് പി.സി. ജോർജ്

പി.സി. ജോർജ്

കോട്ടയം ∙ സഭാ വിരുദ്ധരും മതവിരോധികളുമാണു കൊച്ചിയിൽ സമരം നടത്തിയതെന്നു പി.സി. ജോർജ് എംഎൽഎ പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിനു പിന്നിൽ ദുരുദ്ദേശ്യമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിനോടു പൂർണമായി യോജിക്കുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലും പരാതി നൽകിയ കന്യാസ്ത്രീയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളടങ്ങിയ സിഡി കൈയിലുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകാമെന്നും ജോർജ് വാഗ്ദാനം ചെയ്തു. ഈ ചിത്രത്തിൽ കന്യാസ്ത്രീ സന്തോഷവതിയായിട്ടാണു കാണപ്പെട്ടതെന്നും കേസന്വേഷണ ചുമതലയുള്ള എസ്ഐ, ഈ ചിത്രമെടുത്ത പെരുമ്പാവൂർ സ്വദേശിയെ ഭീഷണിപ്പെടുത്തി, ചിത്രത്തിലുള്ളതു പീഡനത്തിന് ഇരയായ കന്യാസ്ത്രീ അല്ലെന്നും ഈ സമയത്തു കന്യാസ്ത്രീ ദുഃഖിതയായി കാണപ്പെട്ടു എന്നും എഴുതി ഒപ്പിട്ടു വാങ്ങിയെന്ന് ജോർജ് ആരോപിച്ചു.