ബിഷപ്പിനെ ചുമതലകളിൽ നിന്നു നീക്കിയതിൽ ആഹ്ലാദം, അറസ്റ്റ് നടക്കാത്തതിൽ പ്രതിഷേധം

കൊച്ചി ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യലും അറസ്റ്റും സംബന്ധിച്ചുയർന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് സേവ് അവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന നിരാഹാരസമരം 13 ദിവസം പിന്നിട്ടു. 

ബിഷപ്പിനെ ഇന്നലെ അറസ്റ്റ് ചെയ്യുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു സമരക്കാർ. അറസ്റ്റ് നടക്കില്ലെന്ന് വൈകിട്ട് ഉറപ്പായതോടെ നിരാശയായി. ജനരോഷത്തെ സർക്കാർ അവഗണിക്കുകയാണെന്നു സമരസമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു. അറസ്റ്റ് ചെയ്യാതെ വീണ്ടും വിട്ടയച്ചതിൽ പ്രതിഷേധിച്ച് വനിതകളുടെ നേതൃത്വത്തിൽ സമരവേദിക്കു സമീപം പന്തംകൊളുത്തി പ്രകടനം നടത്തി. 

എന്നാൽ അദ്ദേഹത്തെ ഔദ്യോഗിക ചുമതലകളിൽ നിന്നു വത്തിക്കാൻ മാറ്റിയെന്ന വാർത്ത കയ്യടിയോടെയാണു സമരക്കാർ സ്വീകരിച്ചത്. ഇതു തങ്ങളുടെ ആദ്യ വിജയമാണെന്നു സമരം ചെയ്യുന്ന സിസ്റ്റർ അനുപമ പറഞ്ഞു. അറസ്റ്റ് വൈകുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാനാണു തീരുമാനം. ഇന്ന് 5 സ്ത്രീകൾ നിരാഹാര സമരത്തിൽ പങ്കാളികളാകുമെന്നു സമരസമിതി അറിയിച്ചു.

എഴുത്തുകാരി പി. ഗീത മൂന്നാം ദിവസവും സമരവേദിയിൽ നിരാഹാര സമരം തുടർന്നു. സഭയ്‌ക്കെതിരെയുള്ള സമരത്തെ ചോദ്യം ചെയ്ത് കോട്ടയം സ്വദേശി ജേക്കബ് സമരവേദിയിലെത്തിയതു നേരിയ സംഘർഷത്തിനു വഴിവച്ചു. പൊലീസ് ഇടപെട്ടു രംഗം ശാന്തമാക്കി.