ആശുപത്രി, കോടതി യാത്രകൾ; ഭാവം മാറാതെ ബിഷപ്

അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കനത്ത പൊലീസ് സുരക്ഷയിൽ പാലാ കോടതിയിൽ ഹാജരാക്കാനെത്തിക്കുന്നു. ചിത്രം: ജിബിൻ ചെമ്പോല∙ മനോരമ

കോട്ടയം∙ പൊലീസ് കസ്റ്റഡിയിൽ തിരക്കുപിടിച്ച പരിശോധനകളുടെയും യാത്രകളുടെയും ദിനമായിരുന്നു ഇന്നലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്. ഒരുരാത്രി നീണ്ട ആശുപത്രിവാസത്തിനു ശേഷം രാവിലെ 10 മണിയോടെയാണു ബിഷപ് മെഡിക്കൽ കോളജ് ആശുപത്രി വിട്ടത്. അതിനു മുൻപു പരിശോധനകളെല്ലാം ഒന്നുകൂടി ഡോക്ടർമാർ നടത്തി. തുടർന്നു പൊലീസ് ക്ലബ്ബിലേക്ക്.

പ്രഭാതകൃത്യങ്ങൾക്കും ഭക്ഷണത്തിനുംശേഷം 12 മണിയോടെ പാലായിലേക്കു സംഘം തിരിച്ചു. യാത്രയിലുടനീളം സന്തോഷഭാവം കാട്ടിയ ബിഷപ് തൃശൂരിൽ നിന്നെത്തി അനുഗമിച്ച ബന്ധുക്കളെ കൈവീശി കാണിച്ചു. പാലാ കോടതിയിൽ 1.10ന് എത്തിയ ബിഷപ്പും പൊലീസ് സംഘവും നേരെ കോടതി ഹാളിലേക്ക്. കോടതി നടപടികൾ പൂർത്തിയാക്കി വിധി പറയൽ രണ്ടരയിലേക്കു മാറ്റി. അതുവരെ പൊലീസ് സംരക്ഷണയിൽ ഒരു മുറിക്കുള്ളിൽ അടച്ചിരുന്നു.

രണ്ടരയോടെ കോടതി വീണ്ടും ചേർന്നപ്പോൾ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ച് ഉത്തരവെത്തി. വിധി പ്രതീക്ഷിച്ചതെന്ന മട്ടിലായിരുന്നു ബിഷപ്പിന്റെ ഭാവം. മുൻപിരുന്ന അതേ മുറിയിൽ വിധിയുടെ പകർപ്പിനായി കാത്തിരിപ്പ്.

മൂന്നു മണിയോടെ കോടതിക്കു പുറത്തെത്തിച്ച ബിഷപ്പിനെ തുടർന്നു വീണ്ടും മെഡിക്കൽ കോളജിലെത്തിച്ചു ലൈംഗികശേഷി പരിശോധനയ്ക്കു വിധേയനാക്കിയശേഷം തിരികെ പൊലീസ് ക്ലബ്ബിലെത്തിച്ചു.