പ്രളയം: പകരം റേഷൻ കാർഡ് ഉടൻ; നടപടികൾ ലളിതമാക്കി

ആലപ്പുഴ∙ പ്രളയത്തിൽ നഷ്ടപ്പെട്ടതും കേടുപറ്റിയതുമായ റേഷൻ കാർഡുകൾക്കു പകരം കാർഡ് ഉടൻ ലഭിക്കും. ഇതിനുള്ള നടപടികൾ ലളിതമാക്കി. പകരമായി നൽകുന്ന കാർഡ് ആധികാരിക രേഖയായി ഉപയോഗിക്കാം. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും ഇത് ആധികാരിക രേഖയായി പരിഗണിക്കണമെന്നു സർക്കാർ നിർദേശിച്ചു.

അപേക്ഷ പരിശോധിച്ചു വിവരങ്ങൾ ലഭ്യമാക്കി പകരം റേഷൻകാർഡ് നൽകാനുള്ള ക്രമീകരണങ്ങൾ സിവിൽ സപ്ലൈസ് ഡയറക്ടർ, സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫിസർ, സി–ഡിറ്റ് ഡയറക്ടർ എന്നിവർ ഉടൻ തന്നെ ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടിട്ടുണ്ട്.

കാർഡ് പൂർണമായും നഷ്ടപ്പെട്ടവർ പുതിയ കാർഡിനുള്ള അപേക്ഷയ്ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകിയാൽ മതി. സത്യവാങ്മൂലം 200 രൂപയുടെ മുദ്രപ്പത്രത്തിൽ നൽകേണ്ടതില്ല. കേടുപറ്റിയ കാർഡ് കൈവശമുള്ളവർ അപേക്ഷയ്ക്കൊപ്പം തിരികെ നൽകണം.