സിവിൽ തർക്കത്തിൽ ഇടപെട്ടാൽ പൊലീസിന് എതിരെ നടപടി: ഐജി

കൊച്ചി∙ പൊലീസ് ഉദ്യോഗസ്ഥർ സിവിൽ തർക്കത്തിൽ ഇടപെടരുതെന്നു നിർദേശം നൽകിയിട്ടുണ്ടെന്നു കൊച്ചി റേഞ്ച് ഐജി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അത്തരം നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയെടുക്കുമെന്നും അറിയിച്ചു. ബിസിനസ് പങ്കാളിത്തം പിരിഞ്ഞതു സംബന്ധിച്ച സിവിൽ തർക്കത്തിൽ പൊലീസ് അനാവശ്യമായി ഇടപെടുകയാണെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി സമർപ്പിച്ച ഹർജിയിലാണു വിശദീകരണം.

സിവിൽ സ്വാഭാവമുള്ള തർക്കത്തിൽ പൊലീസിനു കാര്യമില്ലെങ്കിലും സ്റ്റേഷനിൽ ഹാജരാകാൻ തൊടുപുഴ എസ്എച്ച്ഒ നിർദേശിച്ച സാഹചര്യത്തിലാണു ഹർജി.

അതേസമയം, തൊടുപുഴ സിഐ എൻ.ജി. ശ്രീമോൻ സിവിൽ തർക്കത്തിൽ ഇടപെട്ടിട്ടില്ലെന്നും തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങി ആരോപണങ്ങൾ അന്വേഷിക്കാൻ സിവിൽ പൊലീസ് ഓഫിസറെ നിയോഗിച്ചതാണെന്നും ഐജി വിജയ് സാഖ്റെ വിശദീകരിച്ചു. നേരത്തേ, സംസ്ഥാന ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും കോടതി കേസിൽ കക്ഷിചേർത്ത് നിലപാട് തേടിയിരുന്നു.