പമ്പയിലെ നിർമാണങ്ങളും നിലയ്ക്കലിലെ ബേസ് ക്യാംപും നവംബർ ആദ്യത്തോടെ പൂർത്തിയാക്കാൻ നിർദേശം

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന പമ്പയിലെ താൽക്കാലിക നിർമാണങ്ങളും നിലയ്ക്കലിലെ ബേസ് ക്യാംപും തീർഥാടനകാലം തുടങ്ങുന്നതിനു മുൻപ് നവംബർ ആദ്യത്തോടെ പൂർത്തിയാക്കാൻ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. പമ്പയിൽ തീർഥാടകർക്കു കുളിക്കുന്നതിനുള്ള ക്രമീകരണങ്ങളും താൽക്കാലിക നടപ്പന്തലും സമയബന്ധിതമായി സജ്ജമാക്കണം.

മൂന്നുകോടി രൂപ ചെലവിൽ പ്രീ- ഫാബ് രൂപത്തിലുള്ള നടപ്പന്തലാകും നിർമിക്കുക. പുതിയ കെട്ടിടങ്ങൾ നിർമിക്കില്ല. വ്യാപാരസ്ഥാപനങ്ങൾ നിലയ്ക്കലിലേക്കു മാറ്റും. ത്രിവേണിയിലെ പാലം സുരക്ഷിതമാണെന്ന വിലയിരുത്തൽ പൊതുമരാമത്തു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി.കമലവർധന റാവു യോഗത്തിൽ അറിയിച്ചു.

പാലത്തിനു ബലക്ഷയമില്ലെന്ന് ഉറപ്പിക്കാൻ വിദഗ്ധസംഘം പരിശോധന നടത്തും. ജനുവരിയിൽ തീർഥാടനകാലം സമാപിക്കുന്നതോടെ പമ്പയിൽ കൂടുതൽ ഉയരത്തിലുള്ള പാലത്തിന്റെ നിർമാണം ആരംഭിക്കാനാകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലയ്ക്കൽ ബേസ് ക്യാംപ് ആക്കി മാറ്റുന്നതിനുള്ള തീരുമാനം നടപ്പാക്കുമ്പോൾ തീർഥാടകർക്കു സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്ത് 6000 പേർക്കുള്ള വിശ്രമസൗകര്യം കൂടി ഒരുക്കുന്നതോടെ 10,000 പേരെ ഒരേ സമയം ഉൾക്കൊള്ളാവുന്ന വിശ്രമകേന്ദ്രം സജ്ജമാകും. ദിവസേന 60 ലക്ഷം ലീറ്റർ ശുദ്ധജലം നിലയ്ക്കലിൽ സംഭരിക്കും. സീതത്തോട്, പമ്പ പ്ലാന്റുകളിൽ നിന്നായി ജലമെത്തിക്കുന്നതിനൊപ്പം, നിലയ്ക്കലിൽ ആറു കുഴൽക്കിണറുകളും പമ്പ കെഎസ്ആർടിസി സ്റ്റേഷനിൽ രണ്ടു കുഴൽക്കിണറുകളും സജ്ജമാക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ഡിജിപി: ലോക്നാഥ് ബെഹ്റ, ദേവസ്വം സെക്രട്ടറി ജ്യോതിലാൽ, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, വനം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണു, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.രാഘവൻ, കെ.പി.ശങ്കരദാസ്, ദേവസ്വം കമ്മിഷണർ എൻ.വാസു എന്നിവരും പങ്കെടുത്തു.