പ്രളയക്കെടുതിക്കിടെ ആർഭാടം; ഓഫിസ് മിനുക്കാൻ ലക്ഷങ്ങൾ പൊടിച്ച് സിവിൽ സപ്ലൈസ്

കൊച്ചി∙ പ്രളയദുരിതാശ്വാസത്തിനായി പണം കണ്ടെത്താൻ സർക്കാർ നെട്ടോട്ടമോടുന്നതിനിടെ, കോടികൾ ചെലവിട്ട് സംസ്ഥാനത്തെ സിവിൽ സപ്ലൈസ് ഓഫിസുകളുടെ മോടികൂട്ടൽ തകൃതി. അൻപതോളം ഓഫിസുകളാണു പുതുക്കിപ്പണിയുന്നത്. 10–35 ലക്ഷം രൂപവരെയാണ് ഓരോന്നിനും ചെലവാക്കുന്നത്.

സർക്കാർ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ സപ്ലൈ ഓഫിസുകളും ഡപ്യൂട്ടി കൺട്രോളർമാരുടെ ഓഫിസുകളും മോടികൂട്ടുന്നുണ്ട്. നിലവിലുള്ള നിർമിതികളെല്ലാം പൊളിച്ചുകളഞ്ഞാണു മോടികൂട്ടൽ. പുതിയ ഫർണിച്ചറും നവീനരീതിയിലുള്ള ചില്ലുചുമരുകളും ഉണ്ടാകും. ചിലയിടങ്ങൾ ശീതീകരിക്കുന്നുണ്ട്. ഇലക്ട്രിക്കൽ, പ്ലമിങ് സംവിധാനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മാറ്റും.

ഓഫിസ് നവീകരിക്കാൻ 2017ൽ തീരുമാനിച്ചതാണെന്നും പ്രളയവുമായി ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, റേഷനിങ് ഇൻസ്പെക്ടർമാർക്കു ലാപ്ടോപ് നൽകാനുള്ള പദ്ധതി സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ മാറ്റിവച്ചതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.