പ്രളയത്തിൽ നൂറുപേരെ രക്ഷിച്ച ജിനീഷ് അപകടത്തിൽ മരിച്ചു

ജിനീഷ്

തിരുവനന്തപുരം∙ പ്രളയത്തിൽ ചെങ്ങന്നൂരിലെ വീടുകളിൽ കുടുങ്ങിക്കിടന്ന നൂറോളം പേരെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ പൂന്തുറ പള്ളിവിളാകം സ്വദേശിയായ മത്സ്യത്തൊഴിലാളി ജിനീഷ് (23) ബൈക്കപകടത്തിൽ മരിച്ചു. തമിഴ്നാട് കൊല്ലങ്കോട്ടായിരുന്നു അപകടം. ചിന്നത്തുറയിൽ മത്സ്യബന്ധന ബോട്ടുകളിൽ ജോലി അന്വേഷിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച ഉച്ചയ്ക്കു തിരുമന്നം ജംക്‌ഷനിലെ വീതികുറഞ്ഞ റോഡിൽ നിയന്ത്രണംവിട്ട ബൈക്കിൽനിന്നു റോഡിൽ വീഴുകയായിരുന്നു. തൊട്ടു പിന്നാലെയെത്തിയ ലോറി ജിനീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിൻസീറ്റിലിരുന്ന സുഹൃത്ത് ജഗൻ തെറിച്ചു വീണു. ഇയാൾക്കു സാരമായ പരുക്കുകളില്ല. നാട്ടുകാർ ഓടിക്കൂടിയെങ്കിലും വാഹനം ലഭിക്കാൻ അരമണിക്കൂറോളം വൈകി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മൂന്നരയോടെ ജിനീഷ് മരിച്ചു. സംസ്കാരം ഇന്നു 12നു പൂന്തുറ സെന്റ് തോമസ് പള്ളിയിൽ. അമ്മ: സെൽവി. അച്ഛൻ: ജെറോം. സഹോദരങ്ങൾ: ജോമി, ജിതിൻ.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു സർക്കാരിന്റെ അഭ്യർഥന എത്തും മുൻപേ സ്വന്തം നിലയ്ക്കു രക്ഷാ ദൗത്യത്തിനു പോയ മത്സ്യത്തൊഴിലാളി സംഘങ്ങളിലൊന്നായ കോസ്റ്റൽ വാരിയേഴ്സിലെ അംഗമായിരുന്നു ജിനീഷ്. ഓഗസ്റ്റ് 16ന് അർധരാത്രി കടലിൽ പോകാൻ ഒരുങ്ങി നിന്നപ്പോഴാണു സുഹൃത്തുക്കൾ ചേർന്നു രക്ഷാദൗത്യത്തിനു പോകാമെന്ന ധാരണയായത്. നാട്ടുകാരിൽ ഒരാളുടെ വള്ളം വാടകയ്ക്കെടുത്തു. ജിനീഷിന്റെ വീട്ടിലിരുന്ന പുതിയ എൻജിനുമായിട്ടാണ് ആദ്യം സംഘം ചെങ്ങന്നൂരിലേക്കു പുറപ്പെട്ടത്.

മികച്ച നീന്തൽ വിദഗ്ധനായിരുന്നതിനാൽ വീടുകളിൽ കുടുങ്ങിക്കിടന്ന നൂറോളം പേരെ ജിനീഷ് ഒറ്റയ്ക്കാണു രക്ഷിച്ചു ബോട്ടിലെത്തിച്ചത്. കടലിനു സമീപമുള്ള വീടു മൂന്നു വർഷം മുൻപു തകർന്നതിനാൽ വാടകവീട്ടിലാണു കുടുംബം കഴിയുന്നത്. അച്ഛൻ ജെറോം സ്ഥിരമായി കടലിൽ പോകുന്നില്ലാത്തതിനാൽ വീടിന്റെ അത്താണിയായിരുന്നു ജിനീഷ്.