ചാലക്കുടിയിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണം

ചാലക്കുടി∙ കനത്ത മഴയിൽ മണൽ ചാക്കുകൾ റെയിൽ പാളത്തിലേക്കു വീണുണ്ടായ തകരാർ പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇരു പാതകളിലൂടെയും 20 കിലോമീറ്റർ വേഗത്തിൽ മാത്രമാണു ട്രെയിനുകൾ കടത്തിവിടുന്നത്. നേരത്തെ 45 കിലോമീറ്ററാണ് അനുവദിച്ചിരുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിൽ ചാലക്കുടിപ്പുഴയുടെ തെക്കേക്കരയിൽ മുരിങ്ങൂർ ഭാഗത്തായാണ് റെയിൽവേ പാലത്തിന്റെ വശമിടിഞ്ഞിരുന്നത്. അടിയന്തര സുരക്ഷ ഒരുക്കാനാണു പാലത്തിൽ മണൽ ചാക്കുകൾ സ്ഥാപിച്ചത്. ഈ മണൽ ചാക്കുകളാണു ബുധനാഴ്ചത്തെ മഴയിൽ പാളത്തിലേക്കു പതിച്ചത്. ഇതെ തുടർന്ന് എറണാകുളം–തൃശൂർ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു.

ഇടിഞ്ഞുപോയ മണൽ ചാക്കുകൾക്കു പകരം മണൽ ചാക്കുകൾ സ്ഥാപിച്ചു. പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം തെറ്റാണെന്നും മഴ മാറിയാൽ പുഴയുടെ അടിത്തട്ടു മുതൽ കരിങ്കല്ല് ഉപയോഗിച്ചു പാലത്തിനു സമീപം സംരക്ഷണ ഭിത്തി നിർമിക്കാനാണു ലക്ഷ്യമിടുന്നതെന്നും സ്ഥലം സന്ദർശിച്ച റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

15 അടി ഉയരമുള്ള റെയിൽപാളങ്ങൾ ആഴത്തിൽ കുഴിച്ചിട്ട്, ഷീറ്റ് ഉപയോഗിച്ചു സുരക്ഷാവേലി ഒരുക്കിയ ശേഷമാണ് വീണ്ടും മണൽ ചാക്കുകൾ നിറച്ചതെന്നും ഇനി പാളത്തിനു താഴെ കരയിടിയാനുള്ള സാധ്യത ഇല്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.