Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ് ബെൻസിഗർ ദൈവദാസ പദവിയിലേക്ക്; പ്രഖ്യാപനം 20ന്

Aloysius_Maria_Benziger

കൊല്ലം∙ രൂപതയുടെ ആധ്യാത്മിക വളർച്ചയ്ക്കു നേതൃത്വം നൽകിയ മുൻ ബിഷപ് ഡോ. അലോഷ്യസ് മരിയ ബെൻസിഗർ ദൈവദാസ പദവിയിലേക്ക്. അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം പാങ്ങോട് കർമലീത്ത മലബാർ പ്രോവിൻസ് ആശ്രമത്തിൽ 20നു 4നു ദിവ്യബലി മധ്യേ പ്രഖ്യാപനമുണ്ടാകും. ഇതു സംബന്ധിച്ച് രൂപതാ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ ഇടയലേഖനം ഇന്നു പള്ളികളിൽ ദിവ്യബലി മധ്യേ വായിക്കും.

കൊല്ലം രൂപതയിൽ നിന്ന് ദൈവദാസ പദവിയിലെത്തുന്ന ആദ്യബിഷപ്പാണു ഡോ. ബെൻസിഗർ. വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികളുടെ തുടക്കമാണിത്. ദൈവദാസൻ, ധന്യൻ, വാഴ്ത്തപ്പെട്ടവൻ എന്നീ ഘട്ടങ്ങൾക്കു ശേഷമാണു വിശുദ്ധപദവി പ്രഖ്യാപനം.

സ്വിറ്റ്സർലൻഡിലെ ഐൻസീഡനിൽ 1864 ജനുവരി 31ന് ആയിരുന്നു ബിഷപ് ബെൻസിഗറിന്റെ ജനനം. 1888 ഡിസംബർ 22നു വൈദികപ്പട്ടം സ്വീകരിച്ച അദ്ദേഹം 1890ൽ കേരളത്തിലെത്തി ആലുവ പുത്തൻപള്ളി സെമിനാരിയിൽ പ്രഫസറായി. 1900 നവംബറിൽ കൊല്ലം രൂപതയുടെ സഹായമെത്രാനായ അദ്ദേഹം 1905ൽ ബിഷപ് ആയി. കൊല്ലം രൂപതയുടെ ആധ്യാത്മിക - വിദ്യാഭ്യാസ - സാമ്പത്തിക വളർച്ചയ്ക്കു നേതൃത്വം നൽകി രൂപതയെ ഇന്നു കാണുന്ന പ്രതാപത്തിലേക്കു കൈപിടിച്ചുയർത്തിയ അദ്ദേഹം 1931 ഓഗസ്റ്റ് 31നു 67–ാം വയസ്സിൽ സ്ഥാനത്യാഗം ചെയ്തു. തുടർന്നാണ് അദ്ദേഹത്തെ ആർച്ച് ബിഷപ് പദവിയിലേക്ക് ഉയർത്തിയത്.

1942 ഓഗസ്റ്റ് 17ന് ഇഹലോകവാസം വെടിഞ്ഞ അദ്ദേഹത്തിന്റെ 75–ാം ചരമ വാർഷികാചരണ വേളയിലാണു ദൈവദാസ പദവി പ്രഖ്യാപനത്തിനുള്ള നടപടികൾക്കു തുടക്കമായത്. കൊല്ലം രൂപതയുടെ മിക്കവാറും എല്ലാ ഇടവകകളിലും പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിച്ചതു ബിഷപ് ബെൻസിഗറിന്റെ കാലത്താണ്.

11-ാം പിയൂസ് മാർപാപ്പ സഭയുടെ പുനരൈക്യപ്രവർത്തനങ്ങൾക്കു നിയോഗിച്ചതും അദ്ദേഹത്തെയായിരുന്നു. അയിത്തം നിലനിന്നിരുന്ന കാലത്ത്, തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ അഭ്യർഥന പ്രകാരം സർക്കാർ ആശുപത്രികളിൽ രോഗികളെ ശുശ്രൂഷിക്കാൻ സ്വിറ്റ്സർലൻഡിൽ നിന്നു കന്യാസ്ത്രീകളെ കൊണ്ടുവന്നത് ബിഷപ് ബെൻസിഗർ ആണ്.

തങ്കശേരി ഭദ്രാസന ദേവാലയത്തിൽ 28നു 4നു നടക്കുന്ന കൃതജ്‍‍ഞതാബലിയിൽ രൂപതയിലെ വൈദികരും അത്മായരും പങ്കെടുക്കും.