10,000 രൂപയ്ക്കായി അഞ്ചുവട്ടം നടന്ന് വിഎസിന്റെ സഹോദര ഭാര്യ

പ്രളയ ദുരിതാശ്വാസം കിട്ടുന്നതിനായി സരോജിനി പുന്നപ്ര പറവൂർ വില്ലേജ് ഓഫിസിൽ പോയി തിരികെ ഇറങ്ങുന്നു.

അമ്പലപ്പുഴ ∙ 5–ാം വട്ടവും വില്ലേജ് ഓഫിസും ബാങ്കും കയറിയിറങ്ങിയിട്ടും മുൻ‌മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്കു ദുരിതാശ്വാസം കിട്ടാക്കനി. പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്കായി വിഎസിന്റെ സഹോദരൻ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂർ അശോക് ഭവനിൽ‌ സരോജിനി ഇന്നലെയും പറവൂർ വില്ലേജ് ഓഫിസിന്റെയും കാനറ ബാങ്ക് ശാഖയുടെയും പടി കയറി.

പ്രളയത്തിൽ വീടു വെള്ളത്തിലായപ്പോഴും സരോജിനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞില്ല. മക്കളോടൊപ്പം അവിടെത്തന്നെ കഴിഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസത്തുക കിട്ടിയാൽ അൽപം ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പണം കിട്ടാതെ നിരാശ മാത്രം ബാക്കി. ഇന്നലെയും ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ തുക എത്തിയില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞ 4 തവണയും ഇതേ മറുപടിയും അടുത്ത ദിവസം പ്രതീക്ഷിക്കാമെന്ന ആശ്വാസവാക്കും കേട്ടാണു സരോജിനി മടങ്ങിയത്.

19 നാൾ മുൻപ് റവന്യു വകുപ്പ് പറഞ്ഞു: 

സഹായ വിതരണം പൂർത്തിയായി

പ്രളയക്കെടുതികൾക്കിരയായ കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകുന്നതു പൂർത്തിയായെന്ന് റവന്യു വകുപ്പ് അവകാശപ്പെട്ടത്  സെപ്റ്റംബർ 18ന്. അഞ്ചര ലക്ഷം പേർക്കാണു സഹായം കൈമാറിയതെന്നും അറിയിച്ചു