ബിഷപ് ഫ്രാങ്കോയ്ക്ക് എതിരായ കേസ്: അന്വേഷണഫലം കാത്ത് വത്തിക്കാൻ

വത്തിക്കാൻ സിറ്റി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കേസിൽ പൊലീസ് അന്വേഷണത്തിന്റെ ഫലത്തിനു കാക്കുകയാണു വത്തിക്കാനെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ഈ പ്രശ്നവുമായി ബന്ധപ്പെട്ട ചിന്തകൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി കർദിനാൾമാരായ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ഡോ. ഓസ്‌വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി എന്നിവർ പങ്കുവച്ചെന്നും സിബിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വത്തിക്കാൻ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. കർദിനാൾ ഫെർണാണ്ടോ ഫിലോനി, ലിയനാർദോ സാന്ദ്രി എന്നിവർക്കൊപ്പമാണ് ഇന്ത്യയിലെ കർദിനാൾമാർ പിയത്രോ പരോളിനുമായി ചർച്ചയ്ക്ക് എത്തിയത്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും മുഴുവൻ സത്യവും പുറത്തുവരുമെന്നും എല്ലാവർക്കും നീതികിട്ടുമെന്നും തങ്ങൾ വ്യക്തമാക്കിയതായി സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. ‘‘ഈ ഘട്ടത്തിൽ ഹൃദയവും മനസ്സും ‍ഞങ്ങളുടെ ജനങ്ങൾക്കൊപ്പമാണ്. കേസുമായി ബന്ധപ്പെട്ട എല്ലാവർക്കുംവേണ്ടി പ്രത്യേകമായി പ്രാർഥിക്കുന്നു.’’ വത്തിക്കാനിൽ ബിഷപ്പുമാരുടെ സിനഡിന് എത്തിയതാണ് ഇന്ത്യയിൽ നിന്നുള്ള കർദിനാൾമാർ.