ക്രൈംബ്രാഞ്ചിന് ഇനി ജില്ലാ എസ്പിമാർ; പല ജില്ലകളുടെ ചുമതലയിൽനിന്ന് ഒഴിവാകും

തിരുവനന്തപുരം∙ കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ എസ്പിമാർക്കു ചുമതല നൽകി പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം.

ക്രൈംബ്രാഞ്ച് സിഐഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്നായിരിക്കും അറിയപ്പെടുക. സാമ്പത്തിക കുറ്റങ്ങൾ, ആസൂത്രിത കുറ്റകൃത്യങ്ങൾ, പരുക്കേൽപിക്കലും കൊലപാതകങ്ങളും, ക്ഷേത്രക്കവർച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐജിമാർക്കും ഡിഐജിമാർക്കും എസ്പിമാർക്കും ചുമതല. ഇതോടൊപ്പം സൈബർ ക്രൈം, ആന്റി പൈറസി തുടങ്ങിയ വിഭാഗങ്ങളും പ്രവർത്തിക്കുന്നു. കേസ് അന്വേഷണത്തിന് ഈ ഘടന  വലിയ പ്രയാസമുണ്ടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

ഒരു ജില്ലാ കേന്ദ്രത്തിലുള്ള എസ്പി പല ജില്ലകളിലെ കേസുകളുടെ ചുമതല വഹിക്കേണ്ടിവരുന്നു. സാമ്പത്തിക കുറ്റാന്വേഷണത്തിനു കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്പി ഇപ്പോൾ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്  ജില്ലകളുടെ ചുമതല കൂടി വഹിക്കുന്നു. ഈ രീതി കേസുമായി ബന്ധപ്പെട്ട എല്ലാവർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതു കണക്കിലെടുത്താണു റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ എസ്പിമാർക്കു ചുമതല നൽകുന്നത്.

കൊല്ലം എസ്പിക്കു പത്തനംതിട്ട ജില്ലയുടെ കൂടി ചുമതലയുണ്ടാകും. കോഴിക്കോട് എസ്പിക്കു വയനാടിന്റെയും കണ്ണൂർ എസ്പിക്കു കാസർകോടിന്റെയും ചുമതല നൽകും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കുറ്റകൃത്യം ഏതു തരത്തിലുള്ളതായാലും ഇനി അതതു ജില്ലകളിലെ എസ്പിമാർക്കാണു ചുമതല.