Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ ചുഴലിക്കാറ്റ് ഇന്ന് ഒഡീഷ തീരത്ത്; ആയിരങ്ങളെ ഒഴിപ്പിച്ചു

Titli ഒഡീഷ തീരത്തേക്കു കയറുന്ന തിത്‍ലി ചുഴലിക്കാറ്റിന്റെയും കഴിഞ്ഞ ദിവസം ലക്ഷദ്വീപിനു സമീപത്തു കൂടി കടന്നു പോയ ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നതിന്റെയും ഉപഗ്രഹ ദൃശ്യം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ചിത്രം.

ഭുവനേശ്വർ∙ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു ഒ‍ഡീഷ തീരത്തേക്കു നീങ്ങുമ്പോൾ 5 തീരദേശ ജില്ലകളിൽനിന്ന് സർക്കാർ തിരക്കിട്ട് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ഇന്നു പുലർച്ചെ അ‍ഞ്ചരയോടെ  ചുഴലിക്കാറ്റ് കനത്തപേമാരിയുടെ അകമ്പടിയോടെ  ഒഡീഷതീരത്തെ പ്രകമ്പനം കൊള്ളിക്കുമെന്നാണു കാലാവസ്ഥാമുന്നറിയിപ്പ്. അഞ്ചു  ജില്ലകളുടെ കലക്ടർമാരോടും തീരത്തുനിന്നു ജനത്തെ അടിയന്തരമായി ഒഴിപ്പിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.

Read in English: Very severe cyclone Titli makes landfall in Odisha...

ഒഡീഷയിലെ ഗോപാൽപുരിലും ആന്ധ്രയിലെ തീരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് വൻ ശക്തിയോടെ വീശുമെന്നാണു ഭുവനേശ്വരിലെ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ എച്ച്.ആർ.ബിശ്വാസ് അറിയിച്ചത്. ഇതു  മണിക്കൂറിൽ 165 കിലോമീറ്റർ വരെ വേഗം ആർജിക്കും. കനത്തമഴയും ഉണ്ടാകും. 

836 ക്യാംപുകൾ  ഒഡീഷയിൽ  വിവിധ ഇടങ്ങളിലായി തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കിനിർത്തി. 

ഗോപാൽപുർ ഭാഗത്തുനിന്ന് ആയിരത്തിലേറെ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി ചീഫ് സെക്രട്ടറി എ.പി.പഥി പറഞ്ഞു. വേണ്ടിവന്നാൽ പട്ടാളത്തിന്റെ സഹായം തേടും. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും  ഇന്നു നാളെയും അവധി നൽകി. ആൾനാശം ഉണ്ടാകാതിരിക്കാൻ പരമാവധി മുൻകരുതൽ എടുത്തതായും അധികൃതർ അറിയിച്ചു.

രാഹുൽഗാന്ധിയുടെ നിർദേശാനുസരണം കോൺഗ്രസ് പാർട്ടിയും 16 വരെ അടിയന്തര സഹായവിഭാഗം പ്രവർത്തിപ്പിക്കുമെന്നു  സംസ്ഥാന അധ്യക്ഷൻ നിരഞ്ജൻ പട്നായിക് അറിയിച്ചു.

കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയില്ല

തിരുവനന്തപുരം∙ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ ചുഴലിക്കാറ്റ് വീശുന്നുണ്ടെങ്കിലും കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാകേന്ദ്രം. ഒറ്റപ്പെട്ട മഴ പെയ്യാനിടയുണ്ട്. അറബിക്കടലിൽ ശക്തമായ കാറ്റു വീശുന്നതിനാൽ 14 വരെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗമാർജിച്ച തി‌ത്‌ലി ചുഴലിക്കാറ്റ് ഇന്ന് ഒഡീഷ, ആന്ധ്ര തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലും വടക്കൻ ആന്ധ്രയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന ലുബാൻ ചുഴലിക്കാറ്റ് മൂന്നുദിവസങ്ങൾക്കുള്ളിൽ ഒമാൻ തീരത്തെത്തുമെന്നാണ് പ്രവചനം.

related stories