ശബരിമലയിൽ പോകുന്നവർക്ക് സംരക്ഷണം നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ശബരിമലയിലേക്കു പോകാൻ വനിതകൾക്കു ഭയം ഉണ്ടോയെന്ന് അറിയില്ലെന്നും പോകുന്നവർക്കു സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ വിശ്വാസികൾക്ക് അവരുടെ വിശ്വാസത്തിനനുസരിച്ചു കാര്യങ്ങൾ ചെയ്യാൻ എല്ലാ സഹായവും സംരക്ഷണവും നൽകും. അതിനു തടസ്സമുണ്ടാക്കാൻ സമ്മതിക്കില്ല.

വിശ്വാസത്തിന്റെ ഭാഗമായി ശബരിമലയിലേക്കു പോകുന്നവർ ശാന്തമായി പോയിവരികയാണു പതിവ്. അതിൽ നിന്നു വിഭിന്നനിലപാട് ആരുടെയും ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ല. ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ല. നിലയ്ക്കലിൽ വനിതകളെ തടഞ്ഞതു ശ്രദ്ധയിൽപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ കർശന നടപടി ഉണ്ടാകും. പ്രക്ഷോഭത്തിന് ഇറങ്ങിയവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കു താൻ എങ്ങനെ ഉത്തരവാദിയാകുമെന്നു മുഖ്യമന്ത്രി ചോദിച്ചു.

സ്ത്രീകളെ രണ്ടായി വലിച്ചു കീറുമെന്നു പറഞ്ഞവരും ഭരണഘടനയ്ക്കെതിരെ ആക്രോശിച്ചവരുമുണ്ട്. ഉത്തരവാദപ്പെട്ടവർ ഇത്തരം നിലപാടു സ്വീകരിക്കാൻ പാടുണ്ടോ. ശബരിമല പ്രശ്നം മന്ത്രിസഭ ചർച്ച ചെയ്തില്ല. വിധി നടപ്പാക്കുമെന്നതു സുപ്രീം കോടതിയിൽ സർക്കാർ നൽകിയ ഉറപ്പാണ്. പുരുഷനും സ്ത്രീയും തമ്മിൽ വ്യത്യാസമുണ്ടെന്നല്ല സർക്കാർ നിലപാട്.

എല്ലാ അവകാശങ്ങളും പുരുഷനോടൊപ്പം തന്നെ സ്ത്രീക്കുമുണ്ടെന്നാണ്. 1991 ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണു ശബരിമലയിൽ സ്ത്രീകളെ വിലക്കിയത്. അതു ഞങ്ങൾ നടപ്പാക്കി. അതിനു ശേഷവും ഇവിടെ പല സർക്കാരുകളും വന്നു. ഇപ്പോൾ സുപ്രീം കോടതി സ്ത്രീകൾക്കു പോകാമെന്നു പറഞ്ഞു. അതാണു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.