കേരളം വഴി ലഹരികടത്ത്: തടയിടാൻ ഒന്നിച്ച് കസ്റ്റംസും എക്സൈസും

കൊച്ചി∙ സംസ്ഥാനംവഴി വിദേശത്തേക്കു ലഹരിമരുന്നു കടത്തുന്നതിനെതിരെ സംയുക്തനീക്കത്തിനു കസ്റ്റംസും സംസ്ഥാന എക്സൈസ് വിഭാഗവും കൈകോർക്കുന്നു. കസ്റ്റംസ് കമ്മിഷണർ സുമിത്കുമാറിന്റെയും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെയും നേതൃത്വത്തിൽ കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

കേരളത്തിലൂടെ മലേഷ്യയിലേക്കു എംഡിഎംഎ (മെതിലിൻ ഡയോക്സി മെതാംഫിറ്റമിൻ) എന്ന ലഹരിമരുന്നു കടത്തുന്നതാണു പ്രധാനമായും അന്വേഷിക്കുക. കുവൈത്ത്, മാലദ്വീപ് എന്നിവിടങ്ങളിലേക്കു ഹഷീഷ് ഓയിൽ കടത്തിയ രണ്ടു കേസുകളും ആദ്യഘട്ടത്തിൽ അന്വേഷിക്കും. 

രാജ്യാന്തര ലഹരികടത്തു കണ്ണികളെപ്പറ്റി കസ്റ്റംസിന്റെ പക്കലുള്ള വിവരങ്ങൾ എക്സൈസിനു നൽകും. വിദേശങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും കണ്ണികളെപ്പറ്റി കസ്റ്റംസ് അന്വേഷിക്കുകയും ചെയ്യും.

പ്രാദേശികസംഘങ്ങളുടെ നീക്കങ്ങൾ എക്സൈസ് കൃത്യമായി നിരീക്ഷിക്കും. പരസ്പരം വിവരങ്ങൾ കൈമാറുന്നതോടെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ലഹരികടത്തു സംഘങ്ങളെപ്പറ്റി കൂടുതൽ വ്യക്തത രണ്ട് ഏജൻസികൾക്കും ലഭിക്കുമെന്നാണു കരുതുന്നത്. 

200 കോടി രൂപ വിലവരുന്ന 30 കിലോ എംഡിഎംഎ കഴിഞ്ഞമാസം കൊച്ചിയിൽ എക്സൈസ് പിടികൂടിയിരുന്നു.  കുറിയർ ഏജൻസി വഴി മലേഷ്യയിലേക്കു കടത്താനിരുന്ന ലഹരിമരുന്നാണു പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റിൽ മലേഷ്യയിലേക്കു 30 കിലോ എംഡിഎംഎ കുറിയർ വഴി അയച്ചതായി, കേസിൽ അറസ്റ്റിലായ പ്രതി പ്രശാന്ത്കുമാർ സമ്മതിച്ചിരുന്നു. ചൈനയിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് സംശയിക്കുന്നു.