ബിഷപ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ വൈദികൻ മരിച്ച നിലയിൽ

ഫാ. കുര്യാക്കോസ് കാട്ടുതറ

ജലന്തർ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ മുഖ്യസാക്ഷിയും ജലന്തർ രൂപതയിലെ മുതിർന്ന വൈദികനുമായ ഫാ. കുര്യാക്കോസ് കാട്ടുതറയെ (61) മരിച്ച നിലയിൽ കണ്ടെത്തി. ഹൊഷിയാപുർ ദസുവ സെന്റ് പോൾസ് പള്ളിയോടു ചേർന്ന താമസസ്ഥലത്ത് ഇന്നലെ രാവിലെയാണു നിലത്തു മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. ഛർദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവു. 

ബന്ധുക്കളും ചില വൈദികരും ദുരൂഹത ആരോപിച്ചു. 5 മാസമായി അദ്ദേഹം ചുമതലകളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നുവെന്നു രൂപത അറിയിച്ചു. 

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീക്കു ജലന്തറിൽനിന്നു പിന്തുണ നൽകിയ അപൂർവം പേരിൽ ഒരാളായിരുന്നു ഫാ. കുര്യാക്കോസ്. ഇതിന്റെ പേരിൽ വീടിനും വാഹനത്തിനും നേരെ ആക്രമണമുണ്ടായതായും ബന്ധുക്കൾ പറയുന്നു. ചേർത്തല പള്ളിപ്പുറം കാട്ടുതറ പരേതരായ കുര്യൻ–കൊച്ചുത്രേസ്യ ദമ്പതികളുടെ മകനാണു ഫാ. കുര്യാക്കോസ്.  മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ചേക്കും. സഹോദരൻ ജോസ് കുര്യൻ ജലന്തറിലേക്കു പുറപ്പെട്ടു. 

കൊലപാതകം തന്നെ: സഹോദരൻ 

ആലപ്പുഴ ∙ ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്ന് അനുജൻ ജോസ്. മൃതദേഹം നാട്ടിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തണം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും നിവേദനം നൽകും. ബിഷപ്പിനെതിരേ മൊഴി കൊടുത്തതു മുതൽ ഫാ. കുര്യാക്കോസിനു പല തവണ ഭീഷണിയുണ്ടായി. ഏറെക്കാലം താൻ ജീവിച്ചിരിക്കില്ലെന്നു ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ജലന്തർ പൊലീസിനെ വിശ്വാസമില്ല. അവിടത്തെ കമ്മിഷണർ ബിഷപ്പിന്റെ വലംകയ്യാണ് – ജോസ് പറഞ്ഞു. 

ഞങ്ങൾക്കുള്ള മുന്നറിയിപ്പ് പോലെ: സിസ്റ്റർ അനുപമ

കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ ഫാ. കുര്യാക്കോസിന്റെ മരണത്തിൽ ദൂരൂഹത സംശയിക്കുന്നുവെന്നു കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ സിസ്റ്റർ അനുപമ പറഞ്ഞു. മരണകാരണം വ്യക്തമായശേഷം കൂടുതൽ പ്രതികരിക്കും. ഞങ്ങൾക്കുള്ള മുന്നറിയിപ്പു പോലെ തോന്നുന്നു– സിസ്റ്റർ പറഞ്ഞു.