പതിനെട്ടാംപടിയുടെ മേൽക്കൂര ഒരാഴ്ചയ്ക്കുള്ളിൽ പൊളിക്കും

ദേവപ്രശ്ന വിധി പ്രകാരം ശബരിമല സന്നിധാനത്തിൽ പതിനെട്ടാംപടിയുടെ പൊളിച്ചുമാറ്റുന്ന മേൽക്കൂര. ചിത്രം: മനോരമ

ശബരിമല ∙ പതിനെട്ടാംപടിയുടെ മേൽക്കൂര പൊളിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പണി തുടങ്ങും. മഴ പെയ്താൽ പടിപൂജ നടത്താൻ കഴിയാത്തതിനു പരിഹാരമായി 5 വർഷം മുൻപാണ് പതിനെട്ടാംപടിക്കു മേൽക്കൂര നിർമിച്ചത്. തൂണുകൾ നാട്ടി അതിനുമുകളിൽ കട്ടികൂടിയ ചില്ലാണ് ഉറപ്പിച്ചിട്ടുള്ളത്. കൊടിമരത്തെ മറയ്ക്കുന്നതാണെന്ന് അന്നേ പരാതി ഉണ്ടായിരുന്നു.

അടുത്തിടെ നടന്ന ദേവപ്രശ്നത്തിൽ സൂര്യപ്രകാശം നേരെ ശ്രീകോവിലിൽ എത്തുന്നതിനു പതിനെട്ടാംപടിയുടെ മേൽക്കൂര തടസ്സമാകുന്നതായി കണ്ടെത്തിയിരുന്നു. ഇതെ തുടർന്നു ദേവപ്രശ്ന വിധി ഹൈക്കോടതിക്കു സമർപ്പിച്ച് മേൽക്കൂര പൊളിക്കുന്നതിനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്. ചിത്തിര ആട്ട തിരുനാളിനായി നവംബർ 5നു നട തുറക്കുന്നതിനു മുൻപു പൊളിച്ചുമാറ്റാനാണ് ഉദ്ദേശിക്കുന്നത്. പൊളിച്ചെടുക്കുന്ന മേൽക്കൂര അതേപോലെ പാണ്ടിത്താവളത്തിൽ പുതിയതായി പണിത ദർശനം കോംപ്ലക്സ് കെട്ടിടത്തിനു മുന്നിൽ സ്ഥാപിക്കാനാണ് ഉദ്ദേശ്യം.