അത്താഴം കഴിച്ചില്ല; തിരക്കിയത് പിറ്റേന്നു പകൽ

ജലന്തർ∙ സമീപകാലത്തു ജലന്തർ രൂപതയെച്ചൊല്ലിയുണ്ടായ സംഭവവികാസങ്ങളിൽ അസ്വസ്ഥനായിരുന്നു രൂപതയിലെ മുതിർന്ന വൈദികൻ കൂടിയായ ഫാ. കുര്യാക്കോസ് കാട്ടുതറ. ജാമ്യം ലഭിച്ചതിനെ തുടർന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രൂപതാസ്ഥാനത്തു തിരിച്ചെത്തിയതിനു പിന്നാലെ തന്റെ മനസ്സിലുള്ള ആശങ്കകൾ അദ്ദേഹം പങ്കുവച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 

ജീവിതത്തിന്റെ അവസാന ഞായറാഴ്ചയും കുർബാന അർപ്പിച്ച അദ്ദേഹം അന്നേദിവസം അത്താഴം കഴിച്ചിരുന്നില്ലെന്നാണ് പാരിഷ് ഹൗസിലെ സഹായിയുടെ മൊഴി. അത്താഴം കഴിക്കാൻ രാത്രിയിൽ സഹായി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. ഉറങ്ങുകയായിരിക്കുമെന്നു കരുതിയെന്നാണ് ഇദ്ദേഹം പൊലീസിനോടു പറഞ്ഞത്. പിറ്റേന്നു രാവിലെയും വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. 

ദസുവ പള്ളിയിൽ തിങ്കളാഴ്ച വൈകിട്ടാണു കുർബാന. രാവിലെ കുർബാനയില്ലെങ്കിൽ വൈകി എഴുന്നേൽക്കുന്നതായിരുന്നു ഫാ.കുര്യാക്കോസിന്റെ ശീലം. അതുകൊണ്ടു കുറച്ചു സമയം കൂടി കാത്തിരുന്ന ശേഷമാണു സെന്റ് പോൾസ് കോൺവെന്റിലെ കന്യാസ്ത്രീകളെത്തി വിളിച്ചത്. ജനൽ തുറന്നു നോക്കുമ്പോൾ അനക്കമുണ്ടായിരുന്നില്ലെന്നു മനസ്സിലാക്കി സമീപ ഇടവകയിലെ വൈദികനായ ഫാ. ലിബിൻ കോലഞ്ചേരിയെ വിളിപ്പിക്കുകയായിരുന്നു. വാതിൽ തള്ളിത്തുറന്നു സമീപത്തെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥീരികരിച്ചു.