അനധികൃത ബോർഡുകൾ തടയാൻ സുസ്ഥിര സർക്കാർ നടപടി വേണം: ഹൈക്കോടതി

കൊച്ചി ∙ അനധികൃത ഫ്ലെക്സ്, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്ഥായിയായ പരിഹാരനടപടി സർക്കാർ നിർദേശിക്കണമെന്ന് ഹൈക്കോടതി. കോടതി ഉത്തരവിട്ടിട്ടും അനധികൃത ബോർഡുകൾ തുടരുന്നുണ്ടെന്ന് കേസിൽ കോടതിയെ സഹായിക്കുന്ന ‘അമിക്കസ് ക്യൂറി’ റിപ്പോർട്ട് നൽകി.

അനധികൃത ബോർഡുകൾ നീക്കണമെന്ന കോടതി ഉത്തരവു നടപ്പാക്കാൻ അധികാരപ്പെട്ട നഗരസഭയിലെയും കെഎസ്ഇബിയിലെയും ഉദ്യോഗസ്ഥരും പൊലീസും കാര്യമായ നടപടിയെടുക്കുന്നില്ലെന്നാണു റിപ്പോർട്ട്. വിവിധ രാഷ്ട്രീയ നേതാക്കളുടെയും പാർട്ടി പരിപാടികളുടെയും ബോർഡുകൾ തുടരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ അനധികൃത ബോർഡുകളുടെ തരംഗം തന്നെയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ മാറ്റാത്തതു പൊതുജനങ്ങൾക്കു തെറ്റായ മാതൃകയാകും. കോടതി ഉത്തരവിനുശേഷവും തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ കാര്യമായ മാറ്റമില്ല. തിരുവനന്തപുരത്ത് അനധികൃത ബോർഡുകൾ നീക്കാൻ ബന്ധപ്പെട്ടവർ കാര്യമായി ശ്രമിച്ചിട്ടില്ല. കോൺഗ്രസ്, സിപിഎം, ബിജെപി, എസ്ഡിപിഐ തുടങ്ങി പാർട്ടികളുടെ ബോർഡുകൾ നിലവിലുണ്ട്. ദൂരപരിധി ലംഘിച്ചു മീഡിയനുകളിലും ബോർഡുകൾ കാണാം. നഗരസൗന്ദര്യത്തെ ബാധിക്കുന്ന തരത്തിൽ സിനിമാ പോസ്റ്ററുകളുമുണ്ട്.

കൊച്ചിയിൽ അനധികൃത ബോർഡുകൾ കുറെയൊക്കെ മാറ്റിയെങ്കിലും പരസ്യങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും സിനിമകളുടെയും ബോർഡുകൾ ഇപ്പോഴുമുണ്ട്. പാതയോരങ്ങളിൽ മരങ്ങളിൽ വലിച്ചുകെട്ടിയ ഫ്ലെക്സ് ബോർഡുകൾ കാൽനടക്കാർക്കു ഭീഷണിയാണ്. കച്ചവടക്കാർ വച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകളും ഹോഡിങ്ങുകളും അവശേഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.