പ്രളയത്തിൽ പെടാതിരുന്നിട്ടും പണം വാങ്ങിയവർ 799; പുറത്തുവന്നത് 4 ജില്ലകളിലെ കണക്കു മാത്രം

കൊച്ചി ∙ പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ 4 ജില്ലകളിൽ അനർഹമായി 799 കുടുംബങ്ങൾ കൈപ്പറ്റി. സംസ്ഥാനത്ത് ഇക്കഴിഞ്ഞ 16 വരെ 6,71,077 കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകിയെന്നും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ തുക കൈപ്പറ്റിയ 799 കുടുംബങ്ങൾ അർഹരല്ലെന്നു കണ്ടു തിരിച്ചുപിടിച്ചെന്നും സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

കോഴിക്കോട്– 520, പാലക്കാട്– 11, മലപ്പുറം– 205, വയനാട്– 63 എന്നിങ്ങനെയാണ് അർഹതയില്ലെന്നു കണ്ടെത്തിയ കുടുംബങ്ങളുടെ എണ്ണം. സ്റ്റേറ്റ് ‍‍‍ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽനിന്ന് 883.82 കോടി രൂപ കലക്ടർമാർക്ക് അനുവദിച്ചതിൽ ഒക്ടോബർ 23 വരെ 460.48 കോടി രൂപ വിതരണം ചെയ്തു.പ്രളയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസിലാണ് അതോറിറ്റിയുടെ റിപ്പോർട്ട്.