ഡിവൈഎസ്പി ഹരികുമാറിനെ പുറത്താക്കിയേക്കും; കേസ് ക്രൈംബ്രാഞ്ചിന്

ഹരികുമാർ, കൊല്ലപ്പെട്ട സനൽ

തിരുവനന്തപുരം∙ റോഡിലെ തർക്കത്തിനിടെ താൻ പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തിലെ പ്രതി നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ബി. ഹരികുമാറിനെ സർവീസിൽ നിന്നു നീക്കിയേക്കും. വകുപ്പുതല നടപടി പൂർത്തിയായ ശേഷമാകും ഇത്. അതിനിടെ, റൂറൽ എസ്പി അശോക് കുമാ‌റിന്റെ ശുപാർശയിന്മേൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. അന്വേഷണ സംഘത്തെ ഇന്നു തീരുമാനിക്കും.

കൊലക്കേസ് ആണ് ഹരികുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ സർവീസിൽ തുടരുന്നത് അനുവദിക്കാനാകില്ലെന്ന് ഉന്നതോദ്യോഗസ്ഥർ പറഞ്ഞു. വകുപ്പുതല അന്വേഷണത്തിനു പൊലീസ് ആസ്ഥാനത്തെ ഐഐജി കെ.എസ്.വിമലിനെ സർക്കാർ ചുമതലപ്പെടുത്തി. ഡിവൈഎസ്പിക്കു കുറ്റാരോപണ മെമ്മോ നൽകി മറുപടി വാങ്ങണം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തണം. തുടർന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും നടപടി.

ഒളിവിൽ പോയ ഹരികുമാറിനെ ഇനിയും പിടികിട്ടിയിട്ടില്ല. ഇയാൾ സംസ്ഥാനം വിട്ടതായാണു പൊലീസ് ഭാഷ്യം. സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടാൻ സഹായിച്ച സ്വർണ വ്യാപാരി കെ.ബിനുവും ഒപ്പമുണ്ടെന്നാണു സൂചന. ഇയാളുടെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഒളിവിലിരുന്നു മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണു ഹരികുമാർ എന്നാണു സൂചന. ഇയാളുടെ പാസ്പോർട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനാണു തീരുമാനം.

അതിനിടെ, ഹരികുമാറിനെ നെയ്യാറ്റിൻകര ഡിവൈഎസ്പി സ്ഥാനത്തു നിന്നു നീക്കണമെന്ന് ഇന്റലിജൻസ് മൂന്നു പ്രാവശ്യം റിപ്പോർട്ട് നൽകിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സേനയ്ക്കു യോജിക്കാത്ത തരത്തിലുളള ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ചു രണ്ടു പ്രാവശ്യം ഇന്റലിൻജൻസ് സ്വന്തം നിലയ്ക്കും ഒരു തവണ ഡിജിപിയുടെ നിർദേശപ്രകാരവുമാണു റിപ്പോർട്ട് നൽകിയത്. ഇതിൽ നടപടിയെടുക്കാതിരുന്നത് ഒടുവിൽ ഒരു നിരപരാധിയുടെ ജീവൻ പൊലിയുന്നതിലെത്തി. 

ആംബുലൻസ് പോയത് പൊലീസ് സ്റ്റേഷനിലേക്ക്!!

തിരുവനന്തപുരം∙ ഡിവൈഎസ്പി അപകടത്തിലേക്കു തള്ളിയിട്ട എസ്.സനലിനെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസ് വഴി തിരിച്ചുവിട്ടു പൊലീസ് സ്റ്റേഷനു മുന്നിൽ കാത്തുകിടത്തി. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി പൊലീസുകാർക്കു ഡ്യൂട്ടി മാറാൻ വേണ്ടിയായിരുന്നെന്നാണ് ആരോപണം. ആംബുലൻസ് ആശുപത്രിയിലെത്തും മുൻപേ സനലിന്റെ മരണം സംഭവിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഒരു തെറ്റും ചെയ്യാത്ത യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദിയായെന്ന തീരാകളങ്കത്തിനു പിന്നാലെയാണു സേന വീണ്ടും പ്രതിക്കൂട്ടിലായത്. കാറിടിച്ചു ഗുരുതരാവസ്ഥയിൽ സനൽ ഏറെ സമയം റോഡിൽ കിടന്നു. പൊലീസ് എത്താനായി നാട്ടുകാരും കാത്തുനിന്നു. പൊലീസെത്തിയപ്പോൾ ആംബുലൻസ് വന്നില്ല. ഒടുവിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുറേ സമയം പാഴായി.

അവിടെ പ്രാഥമിക ചികിൽസ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോകാൻ നിർദേശിച്ചു. പക്ഷേ പോയതു പൊലീസ് സ്റ്റേഷനിലേക്ക്. പിന്നാലെ വന്ന ബന്ധുക്കൾ ആംബുലൻസ് കാണാതെ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യമറിയുന്നത്. അവർ സ്റ്റേഷനിൽ ചെന്നു ബഹളമുണ്ടാക്കി. എന്നാൽ പൊലീസ് ഇതെല്ലാം നിഷേധിക്കുന്നു.