സർക്കാരിന്റേത് ഈശ്വര വിശ്വാസത്തിന് എതിരായ നിലപാട്: എൻഎസ്എസ്

കോട്ടയം ∙ ഈശ്വര വിശ്വാസത്തിന് എതിരായുള്ള സർക്കാരിന്റെ ധാർഷ്ഠ്യത്തോടെയുള്ള നിലപാടിനെതിരെയുള്ള പ്രതിഷേധമാണ് അയ്യപ്പജ്യോതി പ്രയാണ രഥയാത്രയെന്ന് എൻഎസ്എസ് ജന.സെക്രട്ടറി ജി.സുകുമാരൻ നായർ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമ, സെക്രട്ടറി പി.എൻ. നാരായണ വർമ എന്നിവർ നയിക്കുന്ന അയ്യപ്പജ്യോതി പ്രയാണ രഥയാത്രയ്ക്ക് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം എന്ന പ്രാർഥനയുമായി 13ന്  രാവിലെ കുടുംബങ്ങൾ തൊട്ടടുത്തുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുകയും വീടുകളിൽ അയ്യപ്പനാമ ജപം നടത്തുകയും ചെയ്യുന്നത് ഉചിതമായിരിക്കുമെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

ക്ഷേത്രത്തിൽ എത്തിയ രഥയാത്രയെ എൻഎസ്എസ്  ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എൻഎസ്എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻനായർ, ട്രഷറർ ഡോ.എം.ശശികുമാർ,ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ, മറ്റ് ഡയറക്ടർബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. കുമാരനല്ലൂർ ക്ഷേത്രത്തിൽ നിന്ന് ഇന്നലെ പര്യടനം തുടങ്ങിയ യാത്രയ്ക്ക് തിരുനക്കര, പളളിപ്പുറത്തുകാവ്, പൊൻകുന്നത്തുകാവ്, പാക്കിൽ, വാഴപ്പളളി, പെരുന്ന തൃക്കണ്ണാപുരം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഭാരവാഹികളും ക്ഷേത്രോപദേശക സമിതിയും ഭക്തജനങ്ങളും ചേർന്നു സ്വീകരണം നൽകി. യാത്ര നാളെ പന്തളം കൊട്ടാരത്തിൽ സമാപിക്കും.