കേരള ഉൽപന്നങ്ങൾക്ക് രാജ്യാന്തരവിപണി തേടി വാണിജ്യമിഷൻ: മന്ത്രി

കൊച്ചി ∙ കേരളത്തിന്റെ ഉൽപന്നങ്ങൾക്കു രാജ്യാന്തരവിപണി കണ്ടെത്തുന്നതിനു 3 മാസത്തിനകം സംസ്ഥാന വാണിജ്യമിഷൻ രൂപീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള വാർഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യ മേഖലയ്ക്കുകൂടി പ്രയോജനപ്രദമാകുന്ന വിധത്തിലാകും വാണിജ്യമിഷൻ.

തേയില, കാപ്പി, കരകൗശലവസ്തുക്കൾ എന്നിവയ്‌ക്കെല്ലാം സ്ഥിരമായ രാജ്യന്തര മാർക്കറ്റ് ഇല്ലാതെ പോകുന്നതു വലിയ തിരിച്ചടിയാണെന്ന് മന്ത്രി പറഞ്ഞു. തോട്ടം മേഖലയുടെ പ്രശ്‌നങ്ങൾ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. മേഖലയിലെ കുടിശികകൾ ഒഴിവാക്കുന്നതിനൊപ്പം പുതിയ നികുതികളും ഒഴിവാക്കി. സംരഭകർ വ്യവസായ നിക്ഷേപങ്ങൾക്കുകൂടി തയാറാകണമെന്നും ഇതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള ചെയർമാൻ തോമസ് ജേക്കബ്, ഉപാസി പ്രസിഡന്റ് എ.ഇ. ജോസഫ്, അസോസിയേഷൻ സെക്രട്ടറി ബി.കെ. അജിത്, അസോസിയേഷൻ വൈസ് ചെയർമാൻ ബി.പി. കരിയപ്പ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: ബി.പി. കരിയപ്പ (ചെയർമാൻ), എസ്.പി. പ്രഭാകർ (വൈസ് ചെയർമാൻ).