ശബരിമല കോടതിവിധി സർക്കാർ ചോദിച്ചു വാങ്ങിയത്: ചെന്നിത്തല

തൃശൂർ ∙ ശബരിമലയിൽ പ്രായപരിധിയില്ലാതെ സ്ത്രീകളെ കയറ്റണമെന്നതു സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണെന്നും ആചാര സംരക്ഷണത്തിനായി  യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണു സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റണമെന്നു സുപ്രീം കോടതിയിൽ എഴുതി നൽകിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കോടതിവിധിയുടെ പകർപ്പു വരുന്നതിനു മുൻപുതന്നെ സ്ത്രീകളെ എങ്ങനെ അവിടെ എത്തിക്കാമെന്നു സർക്കാർ യോഗം ചേർന്ന് ആലോചിച്ചു. വിധി നടപ്പാക്കുന്നതിനെക്കുറിച്ചു ദേവസ്വം ബോർഡുമായിപ്പോലും ആലോചിച്ചതു പിന്നീടാണ്.  

ഗുരുവായൂർ സത്യഗ്രഹവും വൈക്കം സത്യഗ്രഹവും നടത്തിയതു കോൺഗ്രസാണ്. കാക്കിനാഡ കോൺഗ്രസ് സമ്മേളനം തൊട്ടുകൂടായ്മക്കെതിരെ അംഗീകരിച്ച പ്രമേയത്തിന്റെ ഭാഗമാണിത്. അന്നു വൊളന്റിയർമാരായിരുന്ന എകെജിയും പി.കൃഷ്ണപിള്ളയും സമരം നയിച്ചുവെന്നാണു പിണറായി ഇപ്പോൾ പറയുന്നത്. ശ്രീ നാരായണ ഗുരുവിനെ അധിക്ഷേപിക്കുകയും ശിവഗിരി യാത്രക്കെതിരെ നിലപാടെടുക്കുകയും ചെയ്ത സിപിഎം ഇപ്പോൾ ഗുരുവിനെ അംഗീകരിച്ചു നവോത്ഥാനം  നടപ്പാക്കണമെന്നാണു പറയുന്നത്. വടക്കുന്നാഥക്ഷേത്ര ഭരണസമിതിയിൽ സിപിഎം ചെയ്തതു ഏരിയാ കമ്മിറ്റി അംഗങ്ങളെ കുത്തിക്കയറ്റി ഭരണം പിടിച്ചെടുത്തു ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഭരണസമിതി സെക്രട്ടറിയാക്കുകയാണ്. സിപിഎം  ലക്ഷ്യമിടുന്നത്.