ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ ഭാരവാഹിപ്പട്ടിക സിപിഎം തള്ളി

കണ്ണൂർ∙ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിത്വത്തിലേക്കുള്ള നിർദിഷ്ട പട്ടികയ്ക്കെതിരെ പരാതിയുമായി ഒരു വിഭാഗം. ഭാരവാഹികളെ നിശ്ചയിക്കാനുള്ള ഫ്രാക്‌ഷൻ യോഗത്തിൽ ഏകപക്ഷീയമായാണു പട്ടിക തയാറാക്കിയതെന്നും മുതിർന്ന നേതാക്കളെ ഒഴിവാക്കിയെന്നുമാണു പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില നേതാക്കൾ സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടെന്നും പുതിയ പട്ടിക തയാറാക്കാൻ നിർദേശം നൽകുമെന്നും ഡിവൈഎഫ്ഐയുടെ ചുമതലയുള്ള സിപിഎം നേതാക്കൾ അറിയിച്ചു. ഇതോടെ, ആദ്യപട്ടികയിൽ നിന്ന് ഒഴിവാക്കിയ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എ.എ.റഹീം, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.സതീഷ്, സെക്രട്ടേറിയറ്റംഗം എസ്.കെ.സജീഷ് എന്നിവർക്കു സാധ്യത തെളിഞ്ഞു. പുതിയ പട്ടിക തയാറാക്കാൻ ഫ്രാക്‌ഷൻ യോഗം സമ്മേളനത്തിനിടെ വീണ്ടും ചേർന്നേക്കും.

സ്ഥാനമൊഴിയുന്ന ഭാരവാഹികൾ പുതിയ പാനൽ അവതരിപ്പിക്കുന്നതാണു രീതി. ആലപ്പുഴ ജില്ലാ മുൻ സെക്രട്ടറി മനു സി.പുളിക്കൻ, വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണു ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം തയാറാക്കിയത്. എന്നാൽ ഫ്രാക്‌ഷൻ യോഗത്തിൽ മറ്റു പല പേരുകളും ഉയർന്നെങ്കിലും ഒരു സംസ്ഥാന ഭാരവാഹിക്കു താൽപര്യമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തിയെന്നാണു പരാതി. സംസ്ഥാന സെന്ററിന്റെ ഭാഗമായി പ്രവർത്തന പരിചയം ഇല്ലാത്തവരായിരുന്നു പാനലിൽ ഭൂരിഭാഗവും.

ഏറെക്കാലമായി സംസ്ഥാന സെന്ററിൽ പ്രവർത്തിച്ചിരുന്ന ചിലരെ പ്രായപരിധിയുടെ പേരിൽ ഒഴിവാക്കി. കഴിഞ്ഞ സമ്മേളനത്തിൽ പ്രായപരിധി പിന്നിട്ടവർ സംസ്ഥാന ഭാരവാഹികളായിരുന്നുവെന്നും അതേ ആളുകൾ തന്നെയാണ് ഇത്തവണ വെട്ടിനിരത്തലിനു നേതൃത്വം നൽകിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായതിന്റെ പേരിൽ ചിലരെ ഒഴിവാക്കിയതിനെതിരെയും വിമർശനമുണ്ട്. എംഎൽഎമാർ പ്രസിഡന്റും സെക്രട്ടറിയുമായ സംഘടനയിൽ മറ്റു ജനപ്രതിനിധികൾ ഭാരവാഹിയാകുന്നതിൽ എന്താണു തടസ്സമെന്നാണു ചോദ്യം.

പരാതി ഉയർന്നതോടെ പ്രായപരിധിയിൽ കടുംപിടിത്തം വേണ്ടെന്ന നിലപാടിലേക്കു ഡിവൈഎഫ്ഐ നേതൃത്വം എത്തിയിട്ടുണ്ട്. ഇതാണു റഹീമിനും സതീഷിനും പ്രതീക്ഷ നൽകുന്നത്. ആദ്യ പാനലിൽ ഉള്ളവരെ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു പരിഗണിക്കാനും സാധ്യതയുണ്ട്.