സമ്മതമില്ല, അവയവദാനം വഴിമുട്ടി; 2016ൽ 76 പേർ നൽകിയപ്പോൾ 2018ൽ വെറും 4 പേർ

പത്തനംതിട്ട∙ 7.5  ലക്ഷം പേർ സമ്മതപത്രം ഒപ്പിട്ടു നൽകിയിട്ടുണ്ടെങ്കിലും മരണാനന്തര അവയവദാനം യാഥാർഥ്യമാകുന്നില്ല. ഇതോടെ സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിമുട്ടി. കഴിഞ്ഞ വർഷം മുതൽ നിയമം കൂടുതൽ കർക്കശമായതും തിരിച്ചടിയായി. കേരളത്തിൽ ഓരോ വർഷവും അപകടത്തിൽ മരിക്കുന്നത് ശരാശരി നാലായിരത്തിലേറെ പേരാണ്. 2015 ൽ 76 പേർ അവയവദാനം ചെയ്തപ്പോൾ 2018 ൽ ഇതുവരെ 4 പേർ മാത്രമാണ് സമ്മതം നൽകിയത് (ബോക്സ് കാണുക)  സമ്മതപത്രം ഒപ്പിട്ടു നൽകുന്നത് ബന്ധുക്കളുടെ അറിവോടെയല്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. മസ്തിഷ്ക മരണം സംഭവിച്ചാലും രക്ഷപെടുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടന്നതും അവയവദാനത്തെ ബാധിച്ചതായി കരുതുന്നു.

സർക്കാർ ഡോക്ടർമാരെ കിട്ടുന്നില്ല

സ്വകാര്യ ആശുപത്രിയിലാണെങ്കിലും മുതിർന്ന സർക്കാർ ഡോക്ടർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ മസ്തിഷ്ക മരണം സ്ഥിരീകരിക്കാവൂ എന്ന നിർദേശം സർക്കാർ കഴിഞ്ഞവർഷം കൊണ്ടുവന്നു. അവയവ കച്ചവടത്തെ കുറിച്ചുള്ള പരാതികളെ തുടർന്നായിരുന്നു ഇത്. എന്നാൽ നിർണായക സമയങ്ങളിൽ സർക്കാർ ഡോക്ടർമാരെ കിട്ടാതെ വന്നതു മൂലം അവയവദാന ശസ്ത്രക്രിയ മുടങ്ങിയ സംഭവങ്ങളുണ്ട്. പലപ്പോഴും ബന്ധുക്കളും എതിർക്കുന്നു. ഇവർക്കു നൽകേണ്ട കൗൺസിലിങ് ഫലപ്രദമല്ല.

സംസ്ഥാനത്ത് വൃക്കരോഗം വർധിക്കുന്നു

സംസ്ഥാനത്ത് 33 ആശുപത്രികളിലാണ് അവയവമാറ്റ ശസ്ത്രക്രിയകൾക്കു സൗകര്യമുള്ളത്. ബന്ധുക്കളിൽ നിന്ന് അവയവം സ്വീകരിക്കുന്ന 550–600 ശസ്ത്രക്രിയകൾ വർഷം തോറും സ്വകാര്യ ആശുപത്രികളിൽ നടക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും വൃക്ക മാറ്റിവയ്ക്കൽ ആണ്.  

സംസ്ഥാനത്ത് വൃക്ക രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുകയാണ്. വൃക്ക മാറ്റിവയ്ക്കാൻ മൃതസഞ്ജീവനിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത് 1739 രോഗികളാണ്. കരളിനായി 353 പേരും ഹൃദയത്തിനായി 33 പേരും ശ്വാസകോശത്തിനായി 3 പേരും കാത്തിരിക്കുന്നു. കാത്തിരുന്ന 650 രോഗികൾ ഇതിനകം മരിച്ചു.