Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവയവദാനം സമ്മർദം മൂലമെന്ന് കലക്ടറുടെ റിപ്പേ‍ാർട്ട്

പാലക്കാട് ∙ സേലം അപകടത്തിൽ മരിച്ച ചിറ്റൂർ കന്നിമാരി നെല്ലിമേട് സ്വദേശി പി. മണികണ്ഠന്റെ അവയവങ്ങൾ ബന്ധുക്കൾ സ്വമനസ്സാ ദാനം ചെയ്തതല്ലെന്നു സംശയിക്കുന്നതായി ജില്ലാ കലക്ടർ ഡേ‍ാ. പി.സുരേഷ് ബാബുവിന്റെ റിപ്പേ‍ാർട്ട്. സമ്മർദ സാഹചര്യത്തിലാണ് അവയവദാനത്തിനു സമ്മതിച്ചതെന്നാണു ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കലക്ടറുടെ നിഗമനം.

ചികിത്സാചെലവിനു പണമില്ലാത്തതിനാൽ അവയവങ്ങൾ നൽകി എന്ന ആരേ‍ാപണത്തെക്കുറിച്ചു മെഡിക്കൽ വിദഗ്ധൻ ഉൾപ്പെട്ട പ്രത്യേക സംഘം വിശദമായി അന്വേഷിക്കണമെന്നു മന്ത്രിമാരായ എ.കെ.ബാലൻ, കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവർക്കു നൽകിയ റിപ്പേ‍ാർട്ടിൽ കലക്ടർ ശുപാർശ ചെയ്തു.

സേലത്ത് 18നുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണികണ്ഠൻ മരിച്ചതായി 20നു വൈകിട്ടാണു ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഇൻക്വസ്റ്റ് നടപടികൾക്കു പെ‍ാലീസിനേ‍ാട് ആശുപത്രി അധികൃതർ നേരത്തെതന്നെ ആവശ്യപ്പെട്ടതായാണു വിവരം.

അവയവദാനത്തിനു ബന്ധുക്കൾ ആദ്യം തയാറായില്ലെന്നാണ് അവരുടെ മെ‍ാഴിയിൽ നിന്നും അതുമായി ബന്ധപ്പെട്ടു സേലത്തു നടന്ന ചർച്ചയുടെ ദൃശ്യങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ചികിത്സയ്ക്കു രണ്ടര ലക്ഷം രൂപ ചെലവായെന്ന് ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും ബില്ലുകളേ‍ാ അനുബന്ധ രേഖകകളേ‍ാ നൽകിയിട്ടില്ല.

നിർധന കുടുംബത്തിനു തുക നൽകാൻ കഴിയാത്ത സാഹചര്യമായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പണം പോലുമില്ലായിരുന്നു. ആ സാഹചര്യത്തിലാണ് അവയവദാനം എന്ന നിർദേശം ഉയർന്നതെന്നാണു ബന്ധുക്കളുടെ മൊഴി. സമ്മതപത്രം ലഭിച്ച്, 21നു പുലർച്ചെ ഒരു മണിക്കു ശേഷമാണ് അവയവങ്ങൾ നീക്കം ചെയ്തത്.