പി.സി.ജോർജിനെതിരെ കടുത്ത നടപടിക്ക് വനിത കമ്മിഷൻ

പി.സി.ജോര്‍ജ്, രേഖ ശര്‍മ

ന്യൂഡൽഹി∙ കന്യാസ്ത്രീയെ അവഹേളിച്ച കേസിൽ പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ ദേശീയ വനിത കമ്മിഷൻ കടുത്ത നടപടികൾക്ക്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ജോർജ് നേരിട്ടു ഹാജാരാകാതിരുന്നതാണ് കാരണം. വിശദീകരണം നൽകാൻ ഇന്നലെ ജോർജിന്റെ അഭിഭാഷകനായ അഡോൾഫ് മാത്യു എത്തിയെങ്കിലും കമ്മിഷൻ അധ്യക്ഷ രേഖ ശർമ കാണാൻ വിസ്സമതിച്ചു.

സിവിൽ കോടതിക്കു തുല്യമായ അധികാരമുള്ളതിനാൽ ജോർജിനെതിരെ അറസ്റ്റ് വാറന്റടക്കം അടക്കമുള്ള നടപടിക്കു തുനിഞ്ഞേക്കുമെന്നാണ് കമ്മിഷൻ നൽകുന്ന സൂചന. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായി സംസാരിച്ചുവെന്നാണ് കേസ്. സമാന പരാതിയിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഇതു നിലനിൽക്കെ, മറ്റാർക്കും വിശദീകരണം നൽകാനാവില്ലെന്നുമാണ് ജോർജിന്റെ നിലപാട്.