ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് പത്തനംതിട്ടയിൽ സമാപനം

പത്തനംതിട്ടയിൽ ശബരിമല സംരക്ഷണ രഥയാത്രയു‌ടെ സമാപന സമ്മേളന വേദിയിലേക്കു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിയും എത്തിയപ്പോൾ. ചിത്രം: നിഖിൽരാജ് ∙ മനോരമ

പത്തനംതിട്ട∙  നാമ ജപങ്ങൾ ഉയർന്ന അന്തരീക്ഷത്തിൽ ജനസഹസ്രങ്ങളെ സാക്ഷിയാക്കി എൻഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്കു സമാപനം. യുവതീപ്രവേശ വിധി സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാൻ  സുപ്രീം കോടതി തീരുമാനിച്ച പശ്ചാത്തലത്തിൽ ജനുവരി 22വരെ കാത്തിരിക്കാനുള്ള ക്ഷമ സർക്കാർ കാണിക്കണമെന്നു ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. ശബരിമലയിൽ സംഘർഷവും ഏറ്റുമുട്ടലും ഒഴിവാക്കാനുള്ള വിവേകം സംസ്ഥാനം ഭരിക്കുന്ന പാർട്ടി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹർജി കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത് അത്യപൂർവമാണ്. വിശ്വാസികളുടെ വികാരം സുപ്രീം കോടതി മാനിച്ച സാഹചര്യത്തിൽ അതുവരെ കാക്കാനുള്ള വിവേകം ഉണ്ടായില്ലെങ്കിൽ ചരിത്രപരമായ കളങ്കത്തിൽനിന്നു പിണറായിക്കു മോചനമുണ്ടാകില്ല. ദുശ്ശാഠ്യം ഒഴിവാക്കി വിശ്വാസികളെ ജീവിക്കാൻ അനുവദിക്കണം. സമരത്തിന്റെ അടുത്ത ഘട്ടം 2 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. അയ്യപ്പന്റെ കോടതിയിൽ സമരത്തിനു സ്റ്റേ ഇല്ലെന്നും സമരം തുടരുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി എച്ച്. രാജ പറഞ്ഞു.

ആന്ധ്രയിൽ നിന്നുള്ള ആത്മീയ ആചാര്യൻ സ്വാമി പരിപൂർണാനന്ദ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് അധ്യക്ഷനായിരുന്നു. ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവർ പ്രസംഗിച്ചു.