തുറന്ന കോടതി കേട്ട 2 കേസുകൾ

സുപ്രീംകോടതി വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ ജഡ്ജിമാരുടെ ചേംബറിൽ പരിശോധിച്ചു തീർപ്പാക്കുകയാണു പതിവ്. തുറന്ന കോടതിയിൽ പരിഗണിക്കുന്നത് വളരെ അപൂർവമാണ്. പുനഃപരിശോധനാ ഹർജികളുടെ വാദം തുറന്ന കോടതിയിൽ അനുവദിച്ച സമീപകാലത്തെ 2 സംഭവങ്ങൾ. 

ഗോവിന്ദച്ചാമി: വാദം കേട്ടു; വിധി മാറിയില്ല

കേരളത്തെ നടുക്കിയ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ 2016 സെപ്റ്റംബർ 15നു സുപ്രീം കോടതി റദ്ദാക്കി. സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മയും പുനഃപരിശോധനാ ഹർജികൾ നൽകി. ജഡ്‌ജിമാരുടെ ചേംബറിലല്ല, കോടതിയിൽതന്നെ പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഒക്ടോബർ 7 മുതൽ വാദം കേട്ടു. ഹർജികൾ നവംബർ 11നു കോടതി തള്ളി.  തിരുത്തൽ ഹർജിയുമായി 2017 ജനുവരി 7നു സർക്കാർ സുപ്രീം കോടതിയിൽ എത്തിയെങ്കിലും ഏപ്രിൽ 28ന് ഇതും തള്ളി. 

നീറ്റ്: നിലപാട് മാറി

രാജ്യത്തെ എല്ലാ മെഡിക്കൽ, ഡെന്റൽ കോളജുകളിലെയും ബിരുദ, പിജി പ്രവേശനത്തിന് മെഡിക്കൽ കൗൺസിലും ഡെന്റൽ കൗൺസിലും നിർദേശിച്ച പൊതു പ്രവേശനപരീക്ഷ (നീറ്റ്) 2013 ജൂലൈ 18നു സുപ്രീം കോടതി മൂന്നംഗ ബെഞ്ച് റദ്ദാക്കി. വിധിക്കെതിരെ കേന്ദ്ര സർക്കാരും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും മറ്റും നൽകിയ പുനഃപരിശോധനാ ഹർജി ഒക്ടോബർ 23നു സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. പൊതുപ്രവേശന പരീക്ഷ റദ്ദാക്കിയുള്ള വിധി 2016 ഏപ്രിൽ 11നു സുപ്രീം കോടതി പിൻവലിക്കുകയും ചെയ്തു.