വിശ്വാസികൾക്ക് സർക്കാർ സംരക്ഷണം നൽകും: മുഖ്യമന്ത്രി

യുവശക്തി..: കോഴിക്കോട്ട് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

കോഴിക്കോട് ∙ ശബരിമലയിൽ പോകുന്ന വിശ്വാസികൾക്ക് സർക്കാർ എല്ലാ സംരക്ഷണവും സൗകര്യവും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധിയെ ആദ്യം പുകഴ്ത്തിയവർ പിന്നീടു വിശ്വാസത്തിന്റെ പേരുപറ‍ഞ്ഞാണു മതനിരപേക്ഷത തകർക്കാൻ രംഗത്തിറങ്ങിയത്. ശബരിമലയിൽ ഒരു വിവേചനവും പാടില്ലെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആർഎസ്എസിന്റെ ബി ടീമായി നിൽക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നു പിണറായി ആരോപിച്ചു. വർഗീയതയുമായി സമരസപ്പെടുന്നതു കൊണ്ടാണ് ഇപ്പോൾ ധാരാളംപേർ കോൺഗ്രസിൽനിന്നു വിട്ടുപോകുന്നത്. കോൺഗ്രസ് നയത്തിന് ഒപ്പം നിൽക്കാത്ത നേതാക്കളാണ് ആ പാർട്ടിയിലുള്ളത്. രാഹുൽ ഗാന്ധിയുടെ നിലപാടുപോലും അംഗീകരിക്കാൻ കേരളത്തിലെ കോൺഗ്രസുകാർക്കു കഴിയുന്നില്ല.

നവോത്ഥാന കേരള നിർമിതിയിൽ ആർഎസ്എസ് ഒഴികെ എല്ലാവർക്കും പങ്കുണ്ട്. ഇപ്പോഴുള്ള നിറവെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്കു കൊണ്ടുപോകാനാണു സംഘപരിവാർ ശ്രമിക്കുന്നത്. കേന്ദ്രഭരണത്തിനെതിരെയുള്ള   ജനരോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാത്തതുകൊണ്ടാണു ബിജെപി വർഗീയ കാർഡ് പുറത്തിറക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി എ.എ.റഹീം, ദേശീയ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, മന്ത്രി ടി.പി.രാമകൃഷ്ണൻ, എളമരം കരീം എംപി, പി.നിഖിൽ, എംഎൽഎമാരായ എ.എ‍ൻ.ഷംസീർ, എം.സ്വരാജ് എന്നിവർ പ്രസംഗിച്ചു.

എസ്.സതീഷ് പ്രസിഡന്റ്, എ.എ.റഹീം സെക്രട്ടറി

എസ്. സതീഷ്, എ.എ. റഹീം

കോഴിക്കോട് ∙ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എസ്.സതീഷിനെയും സെക്രട്ടറിയായി എ.എ.റഹീമിനെയും തിരഞ്ഞെടുത്തു. എസ്.കെ.സജീഷാണു ട്രഷറർ. നിലവിലെ പ്രസിഡന്റ് എ.എൻ.ഷംസീർ, സെക്രട്ടറി എം.സ്വരാജ്, ട്രഷറർ പി.ബിജു എന്നിവർ സ്ഥാനമൊഴിഞ്ഞു. മറ്റു ഭാരവാഹികൾ: മനു സി.പുളിക്കൽ, കെ.പ്രേംകുമാർ, കെ.യു.ജനീഷ് കുമാർ, ഗ്രീഷ്മ അജയ്ഘോഷ്, എം.വിജിൻ (വൈസ് പ്രസി), പി.നിഖിൽ, കെ.റഫീഖ്, പി.ബി.അനൂപ്, ചിന്താ ജെറോം, വി.കെ.സനോജ് (ജോ. സെക്ര).

ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിൽ 37 എന്ന പ്രായപരിധി നടപ്പാക്കിയെങ്കിലും സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ അതു വേണ്ടെന്നു സിപിഎം നിർദേശിച്ചതിനെ തുടർന്നാണു റഹീമും സതീഷും നേതൃത്വത്തിലേക്കു വന്നത്. എന്നാ‍ൽ, സംസ്ഥാന കമ്മിറ്റിയുടെ കാര്യത്തിൽ പ്രായപരിധി കർശനമാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന 52 പേർക്കു സ്ഥാനംപോയി. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസ് ഉൾപ്പെടെയുള്ളവർ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. സെക്രട്ടേറിയറ്റിൽ 4 വനിതകളുണ്ട്.