നിയന്ത്രണത്തിന്റെ പിരിമുറുക്കത്തിൽ സന്നിധാനം

മാളികപ്പുറം ക്ഷേത്രത്തിനു താഴെ വിരിവച്ചു വിശ്രമിക്കുന്ന തീർഥാടകരെ രാത്രി പൊലീസ് ഒഴിപ്പിക്കുന്നു. ചിത്രം: മനോരമ

ശബരിമല∙  ഭക്ത സാഗരം ഒഴുകിയെത്തുന്ന മണ്ഡല, മകരവിളക്കു തീർഥാടന നാളുകൾക്കു ശുഭാരംഭം. സ്ഥാനം ഒഴിഞ്ഞ മേൽശാന്തി എ.വി. ഉണ്ണികൃഷ്ണനാണു നട തുറന്നത്. തുടർന്നു മാളികപ്പുറം മേൽശാന്തി വി.എൻ. അനീഷ് നമ്പൂതിരിക്കു നട തുറക്കാനുള്ള താക്കോലും ഭസ്മവും നൽകി യാത്രയാക്കി. പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചു.

പുതിയ മേൽശാന്തിമാരായ വി.എൻ. വാസുദേവൻ നമ്പൂതിരി (ശബരിമല) എം.എൻ. നാരായണൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരെ സ്ഥാനമൊഴിഞ്ഞ മേൽശാന്തി കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. വൈകിട്ട് 6.45നു പുതിയ മേൽശാന്തിമാരുടെ ആരോഹണ ചടങ്ങുകൾ നടന്നു. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിച്ചു വി.എൻ. വാസുദേവൻ നമ്പൂതിരിയെ അഭിഷേകം ചെയ്തു. ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ഓതി നൽകി. തുടർന്നു മാളികപ്പുറം മേൽശാന്തി എം.എൻ. നാരായണൻ നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്തു. സ്ഥാനം ഒഴിഞ്ഞ മേൽശാന്തിമാർ രാത്രി 10നു നട അടച്ച ശേഷം പതിനെട്ടാംപടി ഇറങ്ങി.

ആശങ്കയുടെ പകൽ

10നു നട അടച്ചു കഴിഞ്ഞാൽ എല്ലാവരും മലയിറങ്ങണമെന്നും ഹോട്ടലുകളും കടകളും അടയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതോടെ ഇന്നലെ പകൽ അനിശ്ചിതത്വത്തിലായിരുന്നു. സന്നിധാനത്തിന്റെ നിയന്ത്രണം പൂർണമായി പൊലീസ് ഏറ്റെടുത്തതിലുള്ള അസ്വസ്ഥത ദേവസ്വം ബോർഡും അറിയിച്ചു. രാത്രിയിൽ സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കരുതെന്നതു ഡിജിപിയുടെ കർശന നിർദേശമായിരുന്നു. ഇതോടെ കടകളും ഹോട്ടലുകളും ലേലത്തിന് എടുത്തവർ ദേവസ്വം ഓഫിസിലെത്തി പ്രതിഷേധിച്ചു.

ആചാരങ്ങൾ മുടക്കിയുള്ള സുരക്ഷ വേണ്ടെന്ന നിർദേശം വൈകിട്ട് എത്തിയതോടെയാണു സന്നിധാനത്തെ പിരിമുറുക്കം അവസാനിച്ചത്. രാത്രി പിന്നെയും സ്ഥിതി മാറി. ഭക്തർക്കു നെയ്യഭിഷേകം കഴിയും വരെ തങ്ങാമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും സന്നിധാനത്ത് വിരിവച്ച പല സംഘങ്ങളെയും രാത്രി അവിടെനിന്നു നീക്കി.  താഴെ തിരുമുറ്റം, വലിയ നടപ്പന്തൽ, മാളികപ്പുറം ക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളിൽ വിരി വച്ചവരെയാണു മാറ്റിയത്.