പ്രളയം: തുക തിരിച്ചടച്ച് 3000 വ്യാജ അപേക്ഷകർ

തിരുവനന്തപുരം ∙ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കു സർക്കാർ അനുവദിച്ച അടിയന്തര ധനസഹായം വ്യാജ അപേക്ഷ നൽകി വാങ്ങിയ 3000 പേർ തിരിച്ചടച്ചു. അടിയന്തരസഹായമായ 10,000 രൂപ വാങ്ങിയവരിൽ വ്യാജ അപേക്ഷകർ ഏറെ ഉണ്ടായിരുന്നുവെന്നതിന് ഇതു തെളിവായി.  ധനസഹായം വാങ്ങിയവരുടെ പട്ടിക ജില്ലാ, വില്ലേജ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് വ്യാജ അപേക്ഷകർ തുക തിരിച്ചടച്ചത്. അനർഹരായ കൂടുതൽ പേരുണ്ടാകാമെന്ന വിലയിരുത്തലിനെത്തുടർന്നു കർശനമായ പരിശോധനയ്ക്കു  സർക്കാർ നിർദേശം നൽകി.

പ്രളയനാശനഷ്ടമുണ്ടായ 6.17 ലക്ഷം കുടുംബങ്ങൾക്കാണ് സർക്കാർ 10,000 രൂപ വീതം സഹായം അനുവദിച്ചത്. കുടുംബങ്ങൾ നൽകിയ അപേക്ഷകളിന്മേൽ വില്ലേജ് ഓഫിസുകൾ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. എണ്ണം കൂടുതലായതിനാൽ എല്ലാ അപേക്ഷകളിലും നേരിട്ടുള്ള പരിശോധന നടത്തിയിരുന്നില്ല. ഇതു മുതലെടുത്താണ് നാശനഷ്ടമുണ്ടാകാത്തവരും സഹായം വാങ്ങിയത്.

ധനസഹായം വാങ്ങിയവരുടെ പട്ടിക ജില്ലാ ഭരണകൂടങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. എല്ലാ വില്ലേജ് ഓഫിസുകളിലും പട്ടിക പ്രസിദ്ധീകരിച്ചു. തദ്ദേശസ്ഥാപനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും പട്ടിക ലഭ്യമാക്കി. നാണക്കേടും പിഴ ഉൾപ്പെടെ നടപടികളും ഭയന്നാണ് മൂവായിരത്തോളം പേർ തുക തിരിച്ചടച്ചത്.