വെള്ളമില്ല, ഭക്ഷണമില്ല, വാതിലില്ലാതെ ശുചിമുറികൾ; മലയോളം ദുരിതം

പമ്പ ഗണപതി ക്ഷേത്രത്തിനു സമീപത്ത് വിശ്രമിക്കുന്ന അയ്യപ്പ ഭക്തർ. ചിത്രം: രാഹുൽ ആർ. പട്ടം.

ശബരിമല∙ ഭക്ഷണത്തിനു ഹോട്ടലുകളില്ല. കുടിവെളളം എടുക്കാൻ പൊതുടാപ്പുകളില്ല. ശുചിമുറികളിൽ പലതിനും വാതിലുകളില്ല. നടതുറന്നു 3 ദിവസമായിട്ടും പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ വലയുകയാണു ഭക്തർ. 

ഭക്ഷണത്തിനായി നെട്ടോട്ടം

തീർഥാടകരിൽ നല്ലൊരുഭാഗവും ഭക്ഷണത്തിനു ഹോട്ടലുകളെയാണ് ആശ്രയിച്ചിരുന്നത്. സന്നിധാനത്തെ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ലേലത്തിൽ പിടിക്കാൻ കച്ചവടക്കാർ തയാറാകാത്തതാണു കാരണം. പാണ്ടിത്താവളത്തിൽ തന്നെ 6 വലിയ ഹോട്ടലുകളുണ്ട്. 1.5 മുതൽ 2 കോടി വരെ തുകയ്ക്ക് ഇവ ലേലത്തിൽ പോയെങ്കിലും ലേലം എടുത്തവർ തുക അടച്ചില്ല. പൊലീസിന്റെ നിയന്ത്രണം കാരണം അയ്യപ്പന്മാർ സന്നിധാനത്തു തങ്ങാത്തതിനാൽ നഷ്ട‌ം വരുമെന്ന കണക്കുകൂട്ടലിൽ വലിയ നടപ്പന്തലിലെ ലഘുഭക്ഷണശാലയും ലേലത്തിൽ പോയിട്ടില്ല. 

223 ഇനങ്ങളിലാണ് അവകാശം ലേലം ചെയ്യാൻ ദേവസ്വം ബോർഡ് പദ്ധതിയിട്ടത്. ഇതിൽ 90 ശതമാനവും ലേലത്തിൽ പോയിട്ടില്ല. പലതവണ ലേലം ചെയ്തെങ്കിലും ഫലമുണ്ടായില്ല. 3 ദിവസമായി വൈകിട്ട് സന്നിധാനത്തു ലേലം നടക്കുന്നു. ടെൻഡറിൽ രേഖപ്പെടുത്തേണ്ട കുറഞ്ഞ തുകയിൽ 30% വരെ കുറവു വരുത്തിയിട്ടും ആർക്കും വേണ്ട. 

ആയിരക്കണക്കിനു ഭക്തരെത്തുന്ന നിലയ്ക്കലും പമ്പയിലും ഹോട്ടലുകളില്ലാതെ വലയുന്നു. ഉള്ള ഹോട്ടലുകളിൽ തന്നെ മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. സന്നിധാനത്തെ നിയന്ത്രണം മൂലം രാത്രി നിലയ്ക്കലിൽ തങ്ങേണ്ടിവരുന്ന ഭക്തർക്കു മിക്കപ്പോഴും ഭക്ഷണം കിട്ടാറില്ല. 

110 ഹെക്ടറിലുള്ള നിലയ്ക്കൽ ക്യാംപിൽ ആകെ 3 ഹോട്ടലുകളാണുള്ളത്. പമ്പയിൽ ആകെ 2 ഹോട്ടലുകൾ. 7 എണ്ണമായിരുന്നു കഴിഞ്ഞ സീസണിൽ. പ്രധാന ഹോട്ടലുകളൊന്നും തുറന്നിട്ടില്ല. കടകളില്ലാത്തതിനാൽ പൂജാസാധനങ്ങൾ വാങ്ങാനും ഭക്തർ ബുദ്ധിമുട്ടുന്നു.

ടാപ്പുകൾ ഇല്ലാത്ത വാട്ടർ കിയോസ്ക്

വാട്ടർ കിയോസ്കുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, പലതിനും ട‌ാപ്പുകളില്ല. ഉള്ളതിൽ വെള്ളമില്ല. കണക്‌ഷൻ നൽകേണ്ടെന്നാണ് പൊലീസിന്റെ നിർദേശം. പമ്പയിലും നിലയ്ക്കലും ഇതുതന്നെയാണു സ്ഥിതി. കിയോസ്കുകൾ പുതിയവ സ്ഥാപിച്ചു. പക്ഷേ വെള്ളമില്ല. കുളിക്കാനും കുടിക്കാനും സൗകര്യമില്ലാതെ വലയുകയാണു ഭക്തർ.