ശുചിമുറിയില്ല; നിലയ്ക്കലിലും പമ്പയിലും നെട്ടോട്ടം

നിലയ്ക്കൽ ∙ ബേസ് ക്യാംപായ നിലയ്ക്കലിൽ ശുചിമുറി തേടി തീർഥാടകരുടെ നെട്ടോട്ടം. സന്നിധാനത്തെ നിയന്ത്രണത്തിനനുസരിച്ച് ആയിരക്കണക്കിനു പേരാണ് ഇവിടെ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത്. 1100 ശുചിമുറികളെന്നാണു ദേവസ്വം ബോർഡ് പറയുന്നത്. എന്നാൽ പകുതിയിലേറെ പൊലീസിനു വേണ്ടി മാത്രമുള്ളതാണ്. പുതിയതും പഴയതുമായി തീർഥാടകർക്ക് അഞ്ഞൂറിൽ താഴെ മാത്രം. ഇവയിൽ ആവശ്യത്തിനു വെള്ളവുമില്ല.

ശുചിമുറികളുടെ കുറവ് പമ്പയിലും വലിയ പ്രശ്നമാകുകയാണ്. 270 ശുചിമുറികളുണ്ടെന്നു ദേവസ്വം ബോർഡ് പറയുന്നെങ്കിലും പകുതിപോലും ഉപയോഗയോഗ്യമല്ല. വെള്ളമില്ലാത്തതിനാൽ ഇതിനകം തന്നെ ഇവയ്ക്കടുത്തേക്കുപോകാൻ കഴിയാത്തത്ര ദുർഗന്ധമാണ്. ഇതര സംസ്ഥാന തീർഥാടകർ നിവൃത്തിയില്ലാതെ തീരങ്ങളിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിച്ചതോടെ പമ്പയും പരിസരവും മലിനമയം.