ശബരിമല: അനാവശ്യ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തൃശൂർ ∙ ശബരിമലയിൽ ഏർപ്പെടുത്തിയ‍ അനാവശ്യ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്നു പ്രത‍ിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീർഥാടനത്തെ ദുരിതമാക്കുകയാണ് നിയന്ത്രണങ്ങൾ. തീർഥാടകർക്കു സൗകര്യങ്ങളൊരുക്കേണ്ട സർക്കാർ തന്നെ അവരെ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കുന്നു. ശബരിമലയെ തകർക്കാനുള്ള അജൻഡയുടെ ഭാഗമാണോ സർക്കാർ സമീപനമെന്നു സംശയമുണ്ട്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ശബരിമലയിലെ പ്രശ്നങ്ങൾ. ശശികലയെയും കെ. സുരേന്ദ്രനെയും അറസ്റ്റ് ചെയ്തത് ഒത്തുകളിയുടെ ഭാഗമായാണ്.

ശബരിമലയിൽ മനഃപൂർവം കലുഷിത അന്തരീക്ഷം സൃഷ്ടിക്കുകയാണ് സർക്കാർ. നിയമം ലംഘിക്കാൻ കോൺഗ്രസില്ല. യുവതികളെ പ്രവേശിപ്പിക്കില്ലെന്നു സർക്കാർ ഉറപ്പുനൽകണം. തീർഥാടകർക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സൗകര്യങ്ങളും വിലയിരുത്തിയ ശേഷം കെപിസിസി നേതാക്കൾ ഇന്നു ദേവസ്വത്തിനു റിപ്പോർട്ട് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.