Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാമാന്യം ആ കരളുറപ്പ്‌; വിസ്മയകരം ആ അറിവ്

M.I. Shanavas, A.K. Antony എം.ഐ. ഷാനവാസും എ.കെ. ആന്റണിയും.

ബുധനാഴ്ച പുലർച്ചെ അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിനെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി അനുസ്മരിക്കുന്നു.

ആശങ്കകൾക്കൊടുവിൽ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ ഫോൺ വന്നപ്പോഴാണ് അന്ന് ഞങ്ങളുടെ ശ്വാസം നേരെ വീണത്. ആത്മവിശ്വാസം നിറഞ്ഞ വാക്കുകളിൽ അദ്ദേഹം പറഞ്ഞു– ‘എല്ലാ വിഷമങ്ങളും അവസാനിച്ചിരിക്കുന്നു. ഇനി നിങ്ങൾക്കു ലഭിക്കാൻ പോകുന്നത് കൂടുതൽ ചെറുപ്പമായ ഷാനവാസിനെയായിരിക്കും.’ മകളുടെ പാതി കരൾ സ്വീകരിച്ച് ഷാനവാസ് ചെറുപ്പത്തിലേക്കു തിരികെനടക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇനിയും ഏറെ പോകേണ്ടതായിരുന്നു ആ ചുവടുകൾ, പ്രളയത്തിൽ തകർന്ന മണ്ഡലത്തിനു വേണ്ടിയുള്ള പ്രയത്നങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യത്തിലും അൽപം ശ്രദ്ധ പുലർത്തിയിരുന്നുവെങ്കിൽ.

അസാമാന്യമായ കരളുറപ്പിന്റെ പ്രതീകമാണ് ഷാനവാസ്. 2 മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയപ്പോഴും തളർന്നില്ല. മാറ്റിവയ്ക്കാൻ യോജിച്ച കരൾ അന്വേഷിച്ചു കൊണ്ടിരുന്നപ്പോൾ മകൾ അങ്ങോട്ടാണു പറഞ്ഞത്– ‘വാപ്പാ, എന്റെ കരൾ തരാം’. അന്നു ഞാൻ ഷാനവാസിനോടു പറഞ്ഞു. ‘ഷാനവാസേ... ഈ മകൾ മുത്താണ്, ഭാഗ്യമാണ്.’ മകളുടെ കരളായതിനാൽ അണുബാധ ഉണ്ടാകില്ല എന്നാണു കരുതിയിരുന്നത്. കോൺഗ്രസ് പാർട്ടിക്ക് അടുത്ത കാലത്തുണ്ടായ കനത്ത നഷ്ടമാവും ഷാനവാസിന്റെ വിയോഗം. വ്യക്തിപരമായി ഏറ്റവും അടുത്ത സുഹൃത്തിനെയാണ് എനിക്കു നഷ്ടപ്പെട്ടിരിക്കുന്നത്.

ഞാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന കാലത്താണ് ഷാനവാസിനെ പരിചയപ്പെടുന്നത്. ആലപ്പുഴയിൽ കെഎസ്‌യുവിന്റെ പോരാളി. ഷാനവാസിന്റെ പിതാവുമായുള്ള അടുപ്പത്തിലൂടെയാണ് പരിചയപ്പെടുന്നത്. നേതൃപാടവം മാത്രമല്ല, ആ ബാലനെ വ്യത്യസ്തനാക്കിയത്. ചങ്കൂറ്റമായിരുന്നു വലിയ ആകർഷണം. ആലപ്പുഴ പോലൊരു ജില്ലയിൽ കെഎസ്‌യുവിന്റെ നീലക്കൊടി പാറിക്കാൻ ഷാനവാസ് ഏറെ യത്നിച്ചു. പോരാട്ട വീര്യമായിരുന്നു ഷാനവാസിന്റെ കരുത്ത്.

ഷാനവാസും കുടുംബവും പിന്നീട് എറണാകുളത്തേക്കു മാറി. ഞാൻ ആ വീടിനു സമീപത്തെ ലോഡ്ജിലാണു താമസിച്ചിരുന്നത്. അയൽക്കാരായതോടെ അടുപ്പം കൂടി. മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ സംസാരിച്ചിരുന്നു. പിന്നീടു ഷാനവാസ് കോഴിക്കോട്ടേക്കു മാറി. ഇത്രയേറെ സുഹൃത്തുക്കളുള്ള ഒരു കോൺഗ്രസ് നേതാവിനെ കണ്ടിട്ടില്ല. അളവില്ലാത്ത സ്നേഹം നൽകിയിരുന്ന ആത്മമിത്രം. െകപിസിസിയിൽ ഇത്രയും ദീർഘകാലം ഭാരവാഹിത്വം വഹിച്ച നേതാക്കന്മാർ വേറെ ഉണ്ട് എന്നു തോന്നുന്നില്ല. ഏൽപിക്കുന്ന ചുമതല ഊണും ഉറക്കവും ഉപേക്ഷിച്ച് നിർവഹിച്ചിരുന്നു. ചരൽക്കുന്നിൽ നടന്ന സേവാദൾ ക്യാംപ് തന്നെ ഉദാഹരണം. ഇന്ത്യയിൽ നടന്ന സേവാദൾ ക്യാപുകളിൽ ഏറ്റവും മികച്ചതായി മാറി അത്.

ഇതുപോലെ വിസ്മയകരമായ പാണ്ഡിത്യമുള്ള നേതാവ് നമുക്കിടയിൽ അപൂർവം. മാധ്യമങ്ങളിൽ കോൺഗ്രസിന്റെ ഏറ്റവും നല്ല വക്താവായി അദ്ദേഹം മാറിയതും അതുകൊണ്ടു തന്നെ. എതിരാളികളെ വാചാലതകൊണ്ടും വസ്തുതാപരമായും നിഷ്പ്രഭരാക്കാൻ ഷാനവാസിനു കഴിഞ്ഞു. ഒരു ചർച്ചയിൽ പോലും അദ്ദേഹത്തിന് ഉത്തരം മുട്ടിയില്ല. പാർലമെന്റിലെ ഉശിരൻ ചർച്ചകളിൽ കേരളത്തിൽ നിന്നുള്ള ഒരുസംഘം എംപിമാർ എപ്പോഴും സജീവമായിരുന്നു. അവർക്കു നേതൃത്വം കൊടുത്തതു ഷാനവാസാണ്. മതനിരപേക്ഷവാദിയാണെങ്കിലും ന്യൂനപക്ഷ പ്രശ്നങ്ങളിലുൾപ്പെടെ കോൺഗ്രസിന്റെ ശബ്ദമായി മാറി അദ്ദേഹം.

വ്യക്തികളെ നോക്കിയായിരുന്നില്ല ഷാനവാസ് നിലപാടുകൾ സ്വീകരിച്ചിരുന്നത്. വ്യക്തതയുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ആ നിലപാടുകൾ. അതു പാർട്ടിക്കുള്ളിലായാലും പുറത്തായാലും കൃത്യമായി പാലിച്ചുപോന്നു. തിരുത്തൽവാദവും വിവാദങ്ങളുമൊന്നും ഞാൻ പറയേണ്ട കാര്യമില്ല. അതെല്ലാം ഓരോ ഘട്ടങ്ങളായിരുന്നു. അതിനു ശേഷവും കരുണാകരന്റെ ഏറ്റവും അടുത്ത ആളായി തുടരാൻ ഷാനവാസിനു കഴിഞ്ഞു.

ഒടുവിൽ ആരോഗ്യനില മോശമായി തുടങ്ങുമ്പോഴാണു പ്രളയം ഉണ്ടായത്. വയനാട് ജില്ലയെയും പ്രളയം തകർത്തു. ആരോഗ്യം മോശമായിട്ടും വയനാട്ടിൽ താമസിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഷാനവാസ് നേതൃത്വം നൽകി. രണ്ടു മാസത്തെ ആ പ്രവർത്തനമാണ് ആരോഗ്യസ്ഥിതി വഷളാക്കിയതെന്ന് എനിക്കു തോന്നുന്നു. ആദ്യമായി തന്നെ തിരഞ്ഞെടുത്ത ജനങ്ങൾക്കു വേണ്ടിയാണ് ഷാനവാസ് ജീവിതത്തിലെ അവസാന നിമിഷം വരെ പ്രയത്നിച്ചത്. അവർക്ക് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടായപ്പോൾ, അവസാനം വരെ ഒപ്പം നിന്ന് കണ്ണീരൊപ്പിയ ജനപ്രതിനിധിയായി. സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും ആക്രമണം ഇരുഭാഗത്തുനിന്നും നേരിടുന്ന ഈ ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഷാനവാസിന്റെ അഭാവം ശരിക്കും പ്രകടമാവും.