കേരളത്തിലെ പ്രളയം കാലാവസ്ഥാ വ്യതിയാനം മൂലം; റിപ്പോർട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റേത്

ന്യൂഡൽഹി ∙ കേരളത്തെ മുക്കിയ പ്രളയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി). അതിശക്തമായ കാലവർഷവും അണക്കെട്ടുകളിൽ വൻതോതിൽ െവള്ളമെത്തിയതുമാണു പ്രളയത്തിനു കാരണമായത്. ഇതിനു പിന്നിൽ കാലാവസ്ഥാ വ്യതിയാനമാണ്. സാധാരണ മഴയുടെ അളവു കുറയുന്നതും അതിശക്തമായ മഴയും കഠിനവരൾച്ചയും ഉണ്ടാകുന്നതും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണെന്ന് ഐഎംഡി ഡയറക്ടർ ജനറൽ ഡോ.കെ.ജെ. രമേശ് വിശദീകരിച്ചു.

കഠിന വരൾച്ചയുടെ ദിനങ്ങൾ 1901–10 കാലത്തു 80 ശതമാനമായിരുന്നെങ്കിൽ 2001–10 ൽ 82.2 ശതമാനമായി. 10–15 സെന്റീമീറ്റർ മഴ പെയ്യുന്ന ദിവസങ്ങൾ വർധിച്ചപ്പോൾ 5 സെന്റീമീറ്ററിൽ താഴെ മഴ പെയ്യുന്ന ദിവസങ്ങൾ കുറഞ്ഞു. 2000നു ശേഷം അതിശക്തമായ മഴ ലഭിച്ച ദിവസങ്ങളിൽ വലിയ വർധനയുണ്ടായി. സാധാരണ 1676.3 മില്ലിമീറ്റർ മഴ ലഭിക്കുന്ന കേരളത്തിൽ ഇത്തവണ ലഭിച്ചതു 2377.1 മില്ലിമീറ്റർ മഴ; 42% അധികം. ഓഗസ്റ്റ് 1 മുതൽ 20 വരെ രേഖപ്പെടുത്തിയ മഴ സാധാരണ നിലയെക്കാൾ 156% അധികമായിരുന്നു.

ശക്തമായ ന്യൂനമർദമാണു കേരളത്തിലും മറ്റും വീശിയടിച്ച ഓഖി ചുഴലിക്കാറ്റായി മാറിയത്. കടൽ താപനിലയിലുണ്ടായ മാറ്റമാണു കാരണം. ഇതും കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ഫലമാണ്. ന്യൂനമർദം ഓഖി ചുഴലിക്കാറ്റായി മാറിയതു 13 മണിക്കൂർ കൊണ്ടാണ്. ഈ സമയത്തിനുള്ളിൽ ആവശ്യമായ നടപടിയെടുക്കാൻ സർക്കാരുകൾക്കു പരിമിതിയുണ്ടെന്നും ഡോ. രമേശ് പറഞ്ഞു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഉപരിതല താപനില വർധിക്കുന്നു. കടൽ ജീവജാലങ്ങളെ ഇതു ബാധിക്കുന്നുണ്ടെന്നും ഡൽഹി ഐഐടി കാലാവസ്ഥ പഠനകേന്ദ്രം മേധാവി പ്രഫ. എസ്.കെ. ദേശ് പറഞ്ഞു. ഓഖി സമാനമായ സാഹചര്യങ്ങൾ മുൻകൂട്ടി മനസിലാക്കാൻ കടലിലെ താപനില നിരീക്ഷിക്കാനുള്ള സംവിധാനം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ േനതൃത്വത്തിൽ തയാറാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

പ്രളയം തീവ്രമായ ഓഗസ്റ്റ് 13 മുതൽ മനോരമ ഓൺലൈൻ നൽകി വന്ന സമ്പൂർണ കവറേജ് ചുവടെ വായിക്കാം...