നമ്പിനാരായണന്റെ കാര്യത്തിൽ തിരുത്താനുണ്ടെന്ന് ആന്റണി

തിരുവനന്തപുരം∙ ചാരക്കേസിൽ കുറ്റവിമുക്തനാക്കിയ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കാണുമ്പോൾ രാഷ്ട്രീയ, മാധ്യമലോകത്തിനു പഠിക്കാനും തിരുത്താനുണ്ടെന്നാണു തോന്നുന്നതെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. എം.എം.ജേക്കബ് പുരസ്കാര സമർപ്പണ ചടങ്ങിനെത്തിയ ആന്റണി സദസ്സിൽ നമ്പിനാരായണൻ ഇരിക്കുന്നതു കണ്ടപ്പോഴാണ് ഇങ്ങനെ പരാമർശിച്ചത്.

ചാരക്കേസ് വിവാദത്തെതുടർന്നു കെ. കരുണാകരൻ രാജിവച്ചശേഷം മുഖ്യമന്ത്രിയായ ആന്റണി, നമ്പിയുടെ കാര്യത്തിൽ തെറ്റു പറ്റിയെന്ന സൂചനയുള്ള പ്രതികരണത്തിനു മുതിർന്നതു ശ്രദ്ധേയമായി. ഇവിടെ കയറി വന്നപ്പോൾ തന്നെ നമ്പി നാരായണനെ കണ്ടു. അദ്ദേഹം നമുക്കു മുന്നിൽ ഒരു ചോദ്യചിഹ്നമാണ്. കുശലം ചോദിച്ചപ്പോൾ ‘കുഴപ്പമില്ല’ എന്നു കാലുഷ്യമില്ലാതെ പറഞ്ഞു. എത്രയോ പീഡനങ്ങൾ അദ്ദേഹം അനുഭവിച്ചു. പക്ഷേ അതിന്റെയൊന്നും വൈരാഗ്യമോ കാലുഷ്യമോ അദ്ദേഹത്തിന്റെ മുഖത്തില്ല. മനസ്സിൽ അതുണ്ടാകുമെന്നു നമുക്കറിയാം. ആരോപണങ്ങളുയരുമ്പോൾ തന്നെ ചാടിയിറങ്ങി വിചാരണ നടത്തി കുറ്റവാളിയായി ഒരാളെ മുദ്രകുത്തുന്ന ശൈലി മാറിയേ തീരൂവെന്നാണ് അദ്ദേഹം ഓർമിപ്പിക്കുന്നത്. രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരുമെല്ലാം ഇക്കാര്യം ചിന്തിക്കണം– ആന്റണി അഭിപ്രായപ്പെട്ടു.