മുഖം രക്ഷിക്കാനെടുത്ത നടപടി; സസ്പെൻഷൻ പാർട്ടിയുടെ ഭരണഘടനാസത്ത ലംഘിച്ചതിന്

പി.കെ. ശശി

തിരുവനന്തപുരം ∙ സിപിഎം ജനപ്രതിനിധികൾ ‘വ്യക്തിപരമായ സ്വഭാവദാർഢ്യത്തിന്റെ ഉന്നത മാതൃക’ കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരാണെന്നാണു പാർട്ടി ഭരണഘടന വ്യക്തമാക്കുന്നത്. തന്നെക്കാളും വലുതായി പാർട്ടിയെ കാണണമെന്നും അതിൽ നിഷ്കർഷിക്കുന്നു. പാർട്ടി ഭരണഘടന ലംഘിച്ചതിനുള്ള ശിക്ഷ കൂടിയാണു പി.കെ. ശശിക്കു സിപിഎം സംസ്ഥാന കമ്മിറ്റി നൽകിയത്. പാർട്ടിയിൽ നിന്ന് ആറുമാസത്തേക്കു ‘പുറത്താണെ’ങ്കിലും ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ശശി അകത്തു തന്നെയുണ്ടാകും. സഭയ്ക്കകത്തും പുറത്തും കുറച്ചു കാലമെങ്കിലും ഇതു സിപിഎമ്മിനെ വേട്ടയാടുകയും ചെയ്യും.

പാർട്ടിക്കകത്തുള്ള സമ്മർദങ്ങളല്ല, ശശിക്കെതിരെ കടുപ്പമേറിയ ശിക്ഷയ്ക്കു കാരണമായത്. നവോത്ഥാനത്തെക്കുറിച്ചു സിപിഎം നാടാകെ പ്രചരിപ്പിക്കുന്നതിനിടെ, പാർട്ടി നേതാവിനെതിരെ സ്വന്തം പ്രവർത്തക ഉന്നയിച്ച പരാതിയുടെ കാര്യം എന്തായെന്ന ചോദ്യം സിപിഎം നേരിട്ടു. മുഖം രക്ഷിക്കാനുള്ള നടപടിയാണ് ഈ സസ്പെൻഷൻ.

പല ഘടകങ്ങൾ ആലോചിച്ചെടുത്ത തീരുമാനമെന്നു വ്യക്തം. കാഠിന്യം നോക്കുമ്പോൾ അതു പുറത്താക്കലിനു തൊട്ടുതാഴെയാണെന്നു ചൂണ്ടിക്കാട്ടാം. അതുവഴി പരാതിക്കാരിക്കും അതു സ്വീകാര്യമാകുന്നു. പുറത്താക്കിയാൽ അങ്ങനെയൊരാൾ എങ്ങനെ സിപിഎമ്മിന്റെ നിയമസഭാംഗമായി തുടരുമെന്ന ചോദ്യത്തിലേക്കെത്തുമായിരുന്നു. സസ്പെൻഡ് ചെയ്തതുകൊണ്ട് ഒരാൾക്കു സിപിഎം അംഗത്വം പൂർണമായി നഷ്ടമാകുന്നില്ല. സ്വതന്ത്രരായി ജയിച്ചവരടക്കം സിപിഎം നിയമസഭാകക്ഷി യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നതിനാൽ ‘സസ്പെൻഷനി’ലായ ശശിയെ അക്കാര്യത്തിലും വിലക്കേണ്ടതില്ല. പാർട്ടി അംഗമെന്ന നിലയിലുള്ള അവകാശങ്ങളൊന്നും ഇക്കാലയളവിൽ ശശിക്കില്ല. അതേസമയം, അതിന്റെ എല്ലാ ബാധ്യതകളും നിറവേറ്റാം. സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റ് കൂടിയായ ശശിയെ സഹസംഘടനാ പ്രവർത്തനങ്ങളിൽനിന്നു മാറ്റിനിർത്താനും തീരുമാനമില്ല.

ശശിയുടെ സംഭാഷണം റിക്കോർഡ് ചെയ്തു തെളിവായി പരാതിക്കാരി പാർട്ടിക്കും കമ്മിഷനും കൈമാറിയിരുന്നു. ആ സംഭാഷണത്തെക്കുറിച്ചാണു പരാതിയിൽ മുഖ്യമായും ഉന്നയിച്ചതെന്നു നേതാക്കൾ പറയുന്നു. തനിക്കെതിരെ ഗൂഢാലോചനയെന്ന് ആരോപിച്ചു ശശി കമ്മിഷനു മുന്നിൽ സാക്ഷിമൊഴികൾ നിരത്തിയെങ്കിലും സ്വന്തം സംഭാഷണം നിഷേധിക്കാൻ കഴിഞ്ഞില്ല. മറ്റെന്തെങ്കിലും അതിക്രമം ശശി യുവതിയോടു കാട്ടിയെന്നു കമ്മിഷൻ കണ്ടെത്തിയിട്ടില്ല.

അതേസമയം, പാലക്കാട് ജില്ലയിലെ സംഘടനാപ്രശ്നങ്ങളുടെ കാഠിന്യം ഈ അന്വേഷണത്തിൽ കമ്മിഷനും നേതൃത്വത്തിനും ബോധ്യപ്പെട്ടു. നേരത്തെ വിഎസിനു ശക്തമായ സ്വാധീനമുണ്ടായിരുന്ന ജില്ലയിൽ ഇപ്പോൾ ഔദ്യോഗികചേരി തന്നെ പല തട്ടിലാണ്. അന്വേഷണ കമ്മിഷനിലെ രണ്ടംഗങ്ങളിലും ഈ ഭിന്നത പ്രതിഫലിച്ചു. പാലക്കാട് ജില്ലയിലെ മുതിർന്ന നേതാവായ കമ്മിഷനംഗം എ.കെ. ബാലനു ശശിയെ പാർട്ടിയിൽ നിലനിർത്താനായെന്നു തൽക്കാലം ആശ്വസിക്കാം.

6 മാസത്തിനു ശേഷം ശശി ജില്ലാ കമ്മിറ്റിയിലേക്കു തന്നെ തിരിച്ചുവരുമെന്ന വാദത്തെ അടിസ്ഥാനമില്ലാത്ത അഭ്യൂഹമായി നേതാക്കൾ വിശേഷിപ്പിക്കുന്നു. സസ്പെൻഷൻ കാലാവധി പിന്നിടുമ്പോൾ അദ്ദേഹം പ്രാഥമികാംഗത്വത്തിലേക്കു തിരിച്ചുവരും. അപ്പോൾ സംസ്ഥാന കമ്മിറ്റിയോ, കമ്മിറ്റിയുടെ മാർഗനിർദേശാനുസരണം പാലക്കാട് ജില്ലാ കമ്മിറ്റിയോ അദ്ദേഹത്തിന്റെ ഘടകം ഏതെന്നു തീരുമാനിക്കും. ‘സസ്പെൻഷൻ’ കേന്ദ്ര നേതൃത്വത്തിനും സ്വീകാര്യമാണെന്നാണു വിവരം.

വിഭാഗീയത കണ്ടെത്തിയില്ലെന്ന് ശ്രീമതി; ഒഴിഞ്ഞുമാറി ബാലൻ

തിരുവനന്തപുരം ∙ പി.കെ. ശശിക്കെതിരായ ആരോപണത്തിൽ വിഭാഗീയതയുള്ളതായി കണ്ടെത്തിയില്ലെന്ന് അന്വേഷണ കമ്മിഷൻ അംഗം പി.കെ. ശ്രീമതി. ശശി പ്രധാനപ്പെട്ട നേതാവും സിപിഎം പ്രവർത്തകനുമാണ്. അങ്ങനെയുള്ള ഒരാൾ പാർട്ടി പ്രവർത്തകയോടു സംസാരിച്ച രീതിയിൽ തെറ്റുണ്ട്. ‘ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ’ എന്ന ആവർത്തിച്ചു ചോദ്യമുയർന്നപ്പോൾ ‘നമ്മൾ കണ്ടെത്തിയ കാര്യമാണു പറഞ്ഞത്’ എന്നായിരുന്നു പ്രതികരണം.

യുവതിയുടെ പരാതി വിശദമായി അന്വേഷിക്കേണ്ടി വന്നതിനാലാണു സമയമെടുത്തത്. തികച്ചും മാതൃകാപരമായ നടപടിയാണു പാർട്ടിയെടുത്തത്. രാജ്യത്തു വേറെതെങ്കിലും പാർട്ടി ഇങ്ങനെയൊരു രീതി സ്വീകരിക്കുമോയെന്നും ശ്രീമതി ചോദിച്ചു. അതേസമയം, ‘അതെല്ലാം കോടിയേരി പറയും’ എന്നു മാത്രം പ്രതികരിച്ച് അന്വേഷണ കമ്മിഷനിലെ രണ്ടാമത്തെ അംഗമായ എ.കെ. ബാലൻ ഒഴിഞ്ഞുമാറി.