Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശയഭിന്നത ‘പ്രഖ്യാപിച്ച്’ ആർഎസ്പി ദേശീയ സമ്മേളനത്തിനു തുടക്കം

rsp ഡൽഹിയിൽ ആർഎസ്പി ദേശീയ സമ്മേളനം ബംഗാൾ ഘടകം സെക്രട്ടറി ക്ഷിതി ഗോസ്വാമി ഉദ്ഘാടനം ചെയ്യുന്നു. എം.കെ.പ്രേമചന്ദ്രൻ എം.പി, ഷിബു ബേബി ജോൺ, ബിഷ്വനാഥ് ചൗധരി, എ.എ. അസീസ് എന്നിവർ സമീപം. ചിത്രം: മനോരമ

ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു വിമർശിച്ച് സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ശബരിമല വിധി നടപ്പാക്കാൻ ശ്രമിക്കുന്നതു തടയുന്നവരെ പിന്തിരിപ്പന്മാരെന്നു വിളിച്ച് ബംഗാൾ ഘടകം സെക്രട്ടറി ക്ഷിതി ഗോസ്വാമി – പാർട്ടിയിലെ ഭിന്നത ഉദ്ഘാടന വേദിയിൽത്തന്നെ വ്യക്തമാക്കി ആർഎസ്പി ദേശീയ സമ്മേളനത്തിനു തുടക്കം.

സിപിഎമ്മിന് കേരളത്തിലെ ഭരണം മാത്രമാണു ലക്ഷ്യമെന്നും പിണറായി വിജയൻ എന്ന ഒരു വ്യക്തിയിൽ മാത്രം അധിഷ്ഠിതമായ ഭരണമാണു കേരളത്തിലെന്നും അധ്യക്ഷ പ്രസംഗത്തിൽ എ.എ.അസീസ് ആരോപിച്ചു. ബംഗാളിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് പ്രതിപക്ഷമെന്നു പറയാൻപോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അസീസ് വിമർശിച്ചു.

എന്നാൽ, രാജ്യത്തു മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും സാംസ്കാരികമായും കേരളം ഒന്നാം സ്ഥാനത്താണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ക്ഷിതി ഗോസ്വാമി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവത്തോടു പ്രാർഥിക്കാൻ പോലും അനുവദിക്കാത്ത സാഹചര്യമാണ് ബിജെപിയുടെ നേതൃത്വത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും തൊഴിലാളി‌വർഗം ആക്രമിക്കപ്പെടുകയാണെന്നും ഇടത് ഐക്യത്തിലെ വിടവുകൾ പരിഹരിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും ക്ഷിതി ഗോസ്വാമി പറഞ്ഞു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, ദേബബ്രത ബിശ്വാസ് (ഫോർവേർഡ് ബ്ലോക്ക്), ദിപാങ്കർ ഭട്ടചാര്യ (സിപിഐ–എംഎൽ), സത്യവാൻ (എസ്‌യുസിഐ–സി), എൻ.കെ.പ്രേമചന്ദ്രൻ എംപി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം നാളെ സമാപിക്കും.