Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.സുരേന്ദ്രനു ഹോട്ടൽ ഭക്ഷണം; ഇൻസ്പെക്ടർക്കു സസ്പെൻഷൻ

K. Surendran കെ. സുരേന്ദ്രൻ

തിരുവനന്തപുരം∙ ജയിലിൽ കഴിയുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രനെ കോടതിയിൽ കൊണ്ടുപോയ കൊല്ലം എആർ ക്യാംപിലെ റിസർവ് ഇൻസ്പെക്ടർ ജി.വിക്രമൻ നായരെ സസ്പപെൻഡു ചെയ്തു. സുരേന്ദ്രനു സ്വകാര്യ ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കാൻ അവസരം ഒരുക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിച്ച മേലുദ്യോഗസ്ഥരോടു ധിക്കാരത്തോടെ സംസാരിക്കുകയും ചെയ്തതിനാണു നടപടി. ഇൻസ്പെക്ടറുടെ അച്ചടക്ക ലംഘനത്തെക്കുറിച്ചു കൊല്ലം റൂറൽ എസ്പിയും കമ്മിഷണറും പ്രത്യേക റിപ്പോർട്ടുകൾ പൊലീസ് ആസ്ഥാനത്തേക്കു കൈമാറിയിരുന്നു. തുടർന്നാണു റേഞ്ച് ഐജി: മനോജ് ഏബ്രഹാം സസ്പെൻഷൻ ഉത്തരവ് നൽകിയത്.

സുരേന്ദ്രനെ കൊട്ടാരക്കര ജയിലിൽ നിന്നു കണ്ണൂർ കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ സ്വകാര്യ ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കാൻ പൊലീസ് സൗകര്യം ഒരുക്കിയിരുന്നു. സുരക്ഷാ പ്രശ്നം മുൻനിർത്തി സുരേന്ദ്രനും ഒപ്പം പോകുന്ന പൊലീസുകാരും എആർ ക്യാംപുകളിൽ നിന്നു മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളുവെന്നു ഉദ്യോഗസ്ഥർക്കു മുൻകൂട്ടി നിർദേശം നൽകിയിരുന്നു. മാത്രമല്ല, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കു പാർട്ടി നേതാക്കളോടും മാധ്യമ പ്രവർത്തകരോടും സംസാരിക്കാൻ അവസരം നൽകരുതെന്നും നിർദേശിച്ചിരുന്നു.

എന്നാൽ കൊട്ടാരക്കര ജയിലിൽ നിന്നു സുരേന്ദ്രനെ പുറത്തു കൊണ്ടുവന്ന പൊലീസ് നേരെ ജീപ്പിൽ കയറ്റുന്നതിനു പകരം കുറച്ചു ദുരം നടത്തിച്ചു നേതാക്കളോടു സംസാരിക്കാൻ അവസരം ഒരുക്കിയെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല വഴിമധ്യേ ആദ്യ ഹോട്ടലിൽ സുരേന്ദ്രനെ കയറ്റിയപ്പോൾ റൂറൽ എസ്പി ഫോണിൽ വിക്രമൻ നായരെ വിളിച്ചു. ‘സാർ പറയുന്നതു പോലെ ഒന്നും ചെയ്യാൻ പറ്റില്ല, സാഹചര്യം നോക്കി ഞാൻ കാര്യങ്ങൾ ചെയ്തോളം’ എന്നായിരുന്നു മറുപടി.

തുടർന്നു റൂറൽ എസ്പി കൊല്ലം കമ്മിഷണറെ വിവരം അറിയിച്ചു. കമ്മിഷണറും വിക്രമൻ നായരെ ഫോണിൽ വിളിച്ചു നടപടി ക്രമവിരുദ്ധമാണെന്നു പറഞ്ഞു. ‘ഇതൊക്കെ എന്റെ ജോലിയാണ്. സാഹചര്യം നോക്കി ഞാൻ ചെയ്തോളാം .ഉത്തരവാദിത്വവും എനിക്കാണ്’ എന്നായിരുന്നു മറുപടിയെന്നു കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതേത്തുടർന്നാണു വിക്രമൻ നായരെ അടിയന്തരമായി സസ്പെൻഡു ചെയ്തതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.