Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ 3 ഡൽഹി സ്വദേശികൾ അറസ്റ്റിൽ

Aneesh Kumar, Ajay, Prasanth Sethi അനീഷ് കുമാർ, അജയ്, പ്രശാന്ത് സേത്തി.

തൃശൂർ ∙ പ്രമുഖ വിമാന സർവീസ് കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിൽ പണം തട്ടിയ 3 ഡൽഹി സ്വദേശികൾ അറസ്റ്റിൽ. മുബാറക്പൂർ സ്വദേശി അജയ് (28), ഈസ്റ്റ് ആസാദ് നഗർ സ്വദേശി അനീഷ്കുമാർ (42), പീതാംപുര സ്വദേശി പ്രശാന്ത് സേത്തി (38) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു തൃശൂരിലെത്തിച്ചത്. തൃശൂർ സ്വദേശികളായ 3 പേരുടെ പരാതിയിൽ പ്രത്യേക സംഘം രൂപീകരിച്ച് ഡൽഹിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടിച്ചത്. കാബിൻ ക്രൂ, ഗ്രൗണ്ട് ഓഫിസർ, എച്ച്ആർ മാനേജർ തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത സംഘം കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നും ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയതെന്നു പൊലീസ് അറിയിച്ചു.

പൊലീസ് പറയുന്നത്: ഓൺലൈൻ ജോലി സൈറ്റുകളിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ ബയോഡേറ്റ ശേഖരിച്ച് വിമാന സർവീസ് കമ്പനികളുടെ പേരിൽ വ്യാജ ലെറ്റർപാഡ് നിർമിച്ച് ഉദ്യോഗാർഥികൾക്കു മെയിൽ ചെയ്യുകയും റജിസ്ട്രേഷനായി ചെറിയ തുക ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യിപ്പിക്കുന്നതുമാണ് ആദ്യപടി. കമ്പനിയിൽനിന്നെന്ന വ്യാജേന ടെലിഫോണിൽ ഇന്റർവ്യൂ, ഓൺലൈൻ പരീക്ഷ എന്നിവ നടത്തിയശേഷം തിരഞ്ഞെടുത്തതായി ഉദ്യോഗാർഥികളെ അറിയിച്ച് ഇന്റർവ്യൂ ഫീസ്, പ്രൊസസിങ് ഫീസ് എന്നിങ്ങനെ പലതവണകളായി വലിയ തുകകൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കും.

തട്ടിപ്പിനുപയോഗിച്ച സിം കാർഡുകളെല്ലാം വ്യാജ മേൽവിലാസത്തിൽ എടുത്തതായതിനാൽ അന്വേഷണ സംഘം രണ്ടായി തിരിഞ്ഞ് ബാങ്കുകളും എടിഎം കൗണ്ടറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കേസിലെ മുഖ്യപ്രതി അജയിനെക്കുറിച്ച് സൂചന ലഭിച്ചത്. മുബാരക്പൂരിലെ രഹസ്യസങ്കേതം ഓഫീസാക്കിയായിരുന്നു തട്ടിപ്പ്. രണ്ടാംപ്രതി അനീഷ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് തട്ടിപ്പിനിരയായവർ പണം അയച്ചിരുന്നത്. മറ്റൊരു കേസിൽപ്പെട്ട് ജയിലിലായിരുന്ന ഇയാൾ സമീപകാലത്താണ് മോചിതനായത്. പ്രശാന്ത് സേത്തിയും പണത്തിന്റെ പങ്കുപറ്റിയിരുന്നു. 44,000 രൂപ നഷ്ടപ്പെട്ട വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശിനിയുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

ജാഗ്രത പാലിക്കണമെന്ന് പൊലീസ്

ബാങ്ക് വിശദാംശങ്ങൾ ആരാഞ്ഞുകൊണ്ടുള്ള ഫോൺവിളികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര. ബാങ്കുമായി ബന്ധപ്പെട്ട ഒരു വിവരവും കൈമാറരുത്. ഇത്തരം ഇടപാടുകൾ ഒഴിവാക്കി ബാങ്കിൽ നേരിട്ടെത്തി ഫോൺ കോളുകളുടെ വിശ്വാസ്യത ഉറപ്പിക്കണം. ഫോൺ മുഖേന ഒടിപി (വൺ ടൈം പാസ്‌വേഡ്) ആവശ്യപ്പെട്ടും  നറുക്കെടുപ്പ് വിജയി ആയി പ്രഖ്യാപിച്ചുള്ള തട്ടിപ്പുകൾക്കും എതിരെ ജാഗ്രത പാലിക്കണമെന്നും കമ്മീഷണർ അറിയിച്ചു.