ശശിക്കും പരാതിക്കാരിക്കും കേടില്ലാത്ത തീരുമാനത്തിനായി സിപിഎം

പി.കെ. ശശി

ന്യൂഡൽഹി ∙ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കു സംസ്ഥാന സമിതി നൽകിയ ശിക്ഷയുടെ പരിശോധന ഉൾപ്പെടെയുള്ള അജൻഡയുമായി സിപിഎം പൊളിറ്റ്ബ്യൂറോ (പിബി) ഇന്നും കേന്ദ്ര കമ്മിറ്റി (സിസി) നാളെയും മറ്റന്നാളും ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിനു സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളിൽ ധാരണയായിട്ടുണ്ട്; സ്ഥാനാർഥിപ്പട്ടിക ഫെബ്രുവരിയിൽ ചർച്ച ചെയ്യും.

ശശിയുടെ ശിക്ഷ

ശശിയെ പാർട്ടിയിൽനിന്ന് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തത് കടുത്ത ശിക്ഷയെന്നാണ് പാർട്ടി നിലപാട്. ശിക്ഷ പര്യാപ്തമല്ലെന്നു പരാതിക്കാരിയും വി.എസ്. അച്യുതാനന്ദനും മറ്റും വ്യക്തമാക്കിയിട്ടുണ്ട്. 6 മാസത്തിനുശേഷം ശശി മടങ്ങിവന്നു കഴിഞ്ഞാൽ സംഘടനാപ്രവർത്തനത്തിൽ തുടരുന്നതിനു തനിക്കുള്ള വൈഷമ്യമാണ് പരാതിക്കാരി ഉന്നയിക്കുന്ന പ്രധാന ആശങ്ക.

എന്നാൽ, സസ്പെൻഷൻ കാലാവധി കഴിഞ്ഞാൽ ഇപ്പോഴത്തെ സ്ഥിതിയിൽ ശശിക്ക് പാർട്ടി അംഗത്വം മാത്രമെ തിരികെ ലഭിക്കൂ എന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷ നിലപാട്.

ശശിയെ ഏതു ഘടകത്തിൽ ഉൾപ്പെടുത്തണം, പദവി വല്ലതും നൽകണമോ, അത് ഉടനെ വേണോ തുടങ്ങിയതൊക്കെ 6 മാസത്തിനുശേഷം ചർച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമാണ്. സസ്പെൻഷൻ കാലത്തെ നടപടികൾ ഉൾപ്പെടെ പരിഗണിച്ചശേഷമാണ് തീരുമാനമുണ്ടാകേണ്ടത്. ചുരുക്കത്തിൽ, സംസ്ഥാനത്തെ തീരുമാനം പുനഃപരിശോധിക്കണ്ടതില്ലെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വം നീങ്ങുന്നത്. എന്നാൽ, പരാതിക്കാരിയുടെ ആശങ്ക വേണ്ടവിധം കണക്കിലെടുത്തില്ലെന്ന ആക്ഷേപമുണ്ടാകരുതെന്ന് ജനറൽ സെക്രട്ടറി താൽപര്യപ്പെടുന്നുമുണ്ട്.

നിയമസഭാ ഫലം

5 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ നേട്ടത്തെക്കുറിച്ച് പിബിയിലും സിസിയിലും വിശദമായ ചർച്ച ഉദ്ദേശിക്കുന്നില്ലെന്നാണ് സൂചന. രാജസ്ഥാനിൽ ലഭിച്ച 2 സീറ്റു മാത്രമാണ് നേട്ടം. തെലങ്കാനയിൽ പാർട്ടി മുൻകൈയെടുത്ത ബഹുജന ഇടതു മുന്നണിക്ക് ആകെ ലഭിച്ചത് 0.7% വോട്ടാണ്. രാജസ്ഥാനിൽ ലഭിച്ചത് 1.2% വോട്ടും. തെലങ്കാനയിലെ ബഹുജന ഇടതു മുന്നണി പരാജയം ആദ്യം സംസ്ഥാനത്തു വിലയിരുത്തേണ്ടതുണ്ട്.