എംപാനൽ കണ്ടക്ടർ: സാവകാശം നൽകാനാവില്ല എന്നു ഹൈക്കോടതി

കൊച്ചി ∙ എം പാനൽ കണ്ടക്ടർമാരെ പിരിച്ചു വിടാനുള്ള ഉത്തരവു നടപ്പാക്കാൻ 2 മാസം സാവകാശം തേടി കെഎസ്ആർടിസി സമർപ്പിച്ച ഉപഹർജി ഹൈക്കോടതി തള്ളി. വിധി നടപ്പാക്കാനാകില്ലെന്ന് പറയാൻ വാർത്താസമ്മേളനം നടത്തിയതിന് എന്താണു ചെയ്യേണ്ടതെന്നും കോടതിക്കറിയാമെന്നു വാക്കാൽ പറഞ്ഞ കോടതി കെഎസ്ആർടിസി എംഡിയെ പേരെടുത്തു പറയാതെ വിമർശിച്ചു. എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ നൽകിയ അപ്പീൽ 17നു വീണ്ടും പരിഗണിക്കും.

റിസർവ് കണ്ടക്ടർമാരുടെ തസ്തികയിലേക്കു പിഎസ്‌സി ശുപാർശ ചെയ്തവരെ നിയമിക്കാനായി 10 വർഷത്തിൽ താഴെ സർവീസുള്ള എംപാനലുകാരെ ഒഴിവാക്കി റിപ്പോർട്ട് സമർപ്പിക്കാൻ  6നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 4071 എം പാനൽ കണ്ടക്ടർമാരെ തിരക്കിട്ട് ഒഴിവാക്കുന്നതു കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു വ്യക്തമാക്കിയാണ് ഉപഹർജി സമർപ്പിച്ചത്.

എംപാനലുകാരെ ഇത്തരത്തിൽ ഒഴിവാക്കുമ്പോൾ ട്രിപ്പുകൾ റദ്ദാക്കേണ്ടി വരും. അതു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും ഉപഹർജിയിൽ പറയുന്നുണ്ട്. പിഎസ്‌സി നിയമന ശുപാർശ നൽകിയവർ പുറത്തു നിൽക്കുമ്പോൾ എംപാനലുകാർ ജോലി ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.