എംപാനലുകാർ ബാധ്യതയല്ലെന്ന് തച്ചങ്കരി

തിരുവനന്തപുരം∙ എംപാനൽ ജീവനക്കാർ കെഎസ്ആർടിസിക്ക് ഒരിക്കലും ബാധ്യതയല്ലെന്ന് എംഡി ടോമിൻ തച്ചങ്കരി. ജീവനക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനും മാനേജ്മെൻറിനുമുള്ളതെന്നും താൽക്കാലിക ജീവനക്കാരുടെ യോഗത്തിൽ എംഡി പറഞ്ഞു. ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ മാനേജ്‌മെന്റ് വീഴ്ച വരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

ജീവനക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് ആദ്യം മുതൽ സ്വീകരിച്ചത്. നിർഭാഗ്യവശാൽ കോടതി വിധി എതിരായി. ഇപ്പോഴത്തേത് അന്തിമ വിധിയല്ല. സുപ്രീം കോടതിയെ സമീപിക്കാനുള്ള സാവകാശം ലഭിച്ചില്ല. ജനുവരി രണ്ടിനു കോടതി തുറക്കുമ്പോൾ അപ്പീൽ നൽകും. പിരിച്ചുവിടൽ നടപടിക്കു കോടതി വളരെ കുറഞ്ഞ സമയമാണ് അനുവദിച്ചത്. സാവകാശം കിട്ടുമെന്നു സ്വാഭാവികമായും പ്രതീക്ഷിച്ചു. പിരിച്ചുവിടപ്പെട്ടവരും കേസിൽ കക്ഷി ചേരണമെന്നും അദ്ദേഹം നിർദേശിച്ചു.